യുദ്ധഭൂമിയില്‍ നിന്ന് ആശ്വാസതീരത്തേക്ക്; ഇസ്രയേലില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ നാടണഞ്ഞു

ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ  വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

gulf news malayalis from Israel reached homeland rvn

തിരുവനന്തപുരം: 'ഓപ്പറേഷൻ  അജയ് ' യുടെ  ഭാഗമായി  ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍തിരിച്ചെത്തി.   കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം  കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽ മണ്ണ  മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്   ,  മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ ,  ഭാര്യ രസിത ടി.പി എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ടെല്‍ അവീവില്‍ നിന്നും പ്രത്യക വിമാനത്തില്‍ തിരിച്ച ഇവര്‍ പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെത്തിയത്. 

പിന്നീട് എ.ഐ 831 നമ്പർ ഫ്ലൈറ്റിൽ ഉച്ചകഴിഞ്ഞ് 02.30 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം  പാലക്കാട് സ്വദേശി നിള നന്ദ എന്നിവർ സ്വന്തം നിലയ്ക്കാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേയ്ക്ക് എത്തിയത്. 

ആദ്യസംഘത്തിലെ കേരളീയരായ ഏഴുപേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് നോര്‍ക്ക കൊച്ചിയിലേയ്ക്കുളള വിമാനടിക്കറ്റുകളും ലഭ്യമാക്കി. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ്. കെ.ആര്‍ ന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന കേരളീയരെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവരെ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍) സഹായിക്കുന്നതിനായി നോര്‍ക്ക പ്രതിനിധികളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍, തനിച്ച് യാത്ര പോകുന്ന കുട്ടികളെ ബാധിക്കും

കേരളീയരെ  സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  ഡല്‍ഹി എയർപോർട്ടിൽ  നോര്‍ക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി   കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു.  കൺട്രോൾ റൂം നമ്പർ: 011 23747079.

ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ  വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ലിങ്ക് :https://keralahouse.kerala.gov.i/repatriation-of-keralites-from-israel

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios