ഐഫോണ്‍ 15 വാങ്ങാന്‍ വന്‍ തിരക്ക്; വില അറിയാം, ക്യൂ നിന്ന് നൂറുകണക്കിനാളുകള്‍, ദുബൈയിലെത്തിയത് പല രാജ്യക്കാര്‍
പുലര്‍ച്ചെ തന്നെ പലരും ക്യൂവില്‍ ഇടംപിടിച്ചിരുന്നു. ദുബൈ മാളില്‍ വെള്ളിയാഴ്ച ഫോണ്‍ വാങ്ങാന്‍ എത്തിയവരെ നിയന്ത്രിക്കാനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു.
ദുബൈ: ഐഫോണ്‍ 15 വിപണിയില്‍ ഇറങ്ങിയതോടെ ആദ്യ ദിവസം തന്നെ സ്വന്തമാക്കാന്‍ ദുബൈയില്‍ ആളുകളുടെ വന്‍ തിരക്ക്. ദുബൈ മാളില്‍ വെള്ളിയാഴ്ച രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ഐഫോണ്‍ 15 വാങ്ങാനെത്തിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും തങ്ങളുടെ സ്വപ്ന ഫോണ്‍ സ്വന്തമാക്കിയത്.
വെള്ളിയാഴ്ച എട്ട് മണിക്കായിരുന്നു പുതിയ ഫോണിന്റെ ദുബൈ ലോഞ്ചിങ് സമയം. പുലര്‍ച്ചെ തന്നെ പലരും ക്യൂവില്‍ ഇടംപിടിച്ചിരുന്നു. ദുബൈ മാളില്‍ വെള്ളിയാഴ്ച ഫോണ്‍ വാങ്ങാന്‍ എത്തിയവരെ നിയന്ത്രിക്കാനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു. ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക വരികളും ക്രമീകരിച്ചിരുന്നു. ഇന്ത്യക്കാരടക്കം പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ ദിനം ഐഫോണ്‍ 15 വാങ്ങാനെത്തിയത്. ചിലര്‍ ഒന്നിലേറെ ഫോണുകള്‍ വാങ്ങി. സ്വന്തം രാജ്യത്ത് കൊണ്ടുപോയി കൂടുതല്‍ വിലയ്ക്ക് വില്‍ക്കാനാണ് ഇവരുടെ പദ്ധതി. സ്വന്തം നാട്ടില്‍ വന്‍ നികുതി നല്‍കുന്നതില്‍ ഇളവ് തേടിയാണ് പലും ദുബൈയിലെത്തി ഐഫോണ്‍ വാങ്ങിയത്.
Read Also - ഐഫോൺ 15ന്റെ നിറം മങ്ങുന്നോ? ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് മറുപടി നല്‍കി ആപ്പിള്‍
ഐഫോണ്‍ 15 ന്റെ 128ജിബി, 256 ജിബി, 512 ജിബി വേര്‍ഷനുകള്‍ക്ക് യഥാക്രമം 3,399 ദിര്‍ഹം, 3,799 ദിര്‍ഹം, 4,649 ദിര്‍ഹം എന്നിങ്ങനെയാണ് വില. ഐഫോണ്‍ 15 പ്ലസിന്റെ ഈ വേര്‍ഷനുകള്‍ക്ക് യഥാക്രമം 3,799 ദിര്‍ഹം, 4,199 ദിര്‍ഹം, 5,049 ദിര്‍ഹവുമാണ് വില. ഐഫോണ്‍ 15 പ്രോ 128 ജിബിക്ക് 4,299 ദിര്‍ഹവും, 256 ജിബി വേര്‍ഷന് 4,699 ദിര്‍ഹവും 512 ജിബി- 5,549 ദിര്‍ഹം, 1റ്റിബി- 6,399 ദിര്‍ഹം എന്നിങ്ങനെയാണ് വില. എന്നാല്‍ ഐഫോണ്‍ 15 പ്രോ മാക്‌സ് 256 ജിബി- 5,099 ദിര്‍ഹം, 512 ജിബി- 5,949 ദിര്‍ഹം, 1റ്റിബി- 6,799 ദിര്‍ഹം എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...