'മെഗാ സര്‍പ്രൈസ്'; ദുബൈ ഭരണാധികാരിക്കൊപ്പം മലയാളി കുടുംബം, വൈറലായി ചിത്രങ്ങള്‍
തങ്ങള്‍ അമ്പരന്ന് പോയെന്നും ശൈഖ് മുഹമ്മദ് വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയതെന്നും അനസ് ഓര്‍ത്തെടുക്കുന്നു.
ദുബൈ: ദുബൈ ഭരണാധികാരിയെ തൊട്ടടുത്ത് കണ്ടതും അദ്ദേഹത്തിനൊപ്പം അവിസ്മരണീയ നിമിഷങ്ങള്‍ പങ്കിട്ടതും മലയാളി വ്യവസായിയായ അനസ് റഹ്മാന്‍ ജുനൈദിനും കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ അനസ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പമുള്ള അനസിന്റെയും കുടുംബത്തിന്റെയും ഫോട്ടോ വൈറലാകുകയാണ്.
തികച്ചും അവിചാരിതമായാണ് അനസ് റഹ്മാന്‍ ദുബൈ ഭരണാധികാരിയെ കണ്ടുമുട്ടിയത്. ശനിയാഴ്ച ദുബൈയിലെ അറ്റ്‌ലാന്റിസ് ദ് റോയലിന്റെ 22-ാം നിലയില്‍ നിന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലിഫ്റ്റില്‍ കയറിയതാണ് അനസ്. പെട്ടെന്ന് ദുബൈ ഭരണാധികാരി പരിവാരങ്ങള്‍ക്കൊപ്പം ലിഫ്റ്റിലേക്ക് കയറി. തങ്ങള്‍ അമ്പരന്ന് പോയെന്നും ശൈഖ് മുഹമ്മദ് വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയതെന്നും അനസ് ഓര്‍ത്തെടുക്കുന്നു. മകളെ ചേര്‍ത്തു പിടിച്ചു കൊണ്ട് താന്‍ ആരാണെന്ന് അറിയാമോയെന്ന് ശൈഖ് മുഹമ്മദ് ചോദിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തോട് സംസാരിച്ച ശൈഖ് മുഹമ്മദ് ഫോട്ടോയ്ക്കും പോസ് ചെയ്തു.
ലിഫ്റ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ തങ്ങള്‍ ആവേശത്താല്‍ ചാടുകയായിരുന്നെന്ന് അനസ് പറയുന്നു. ദുബൈ ഭരണാധികാരിയോടൊപ്പം നിമിഷങ്ങള്‍ ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് അനസും ഭാര്യ തന്‍സീമും 10 വയസ്സുകാരി മകള്‍ മിഷേലും ഏഴു വയസ്സുള്ള മകന്‍ ഡാനിയേലും.
Read Also - രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ
മുംബൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണ് അനസ് റഹ്മാന്‍ ജുനൈദ്. രണ്ടാഴ്ചത്തെ അവധി ആഘോഷിക്കാന്‍ ദുബൈയിലെത്തിയ ഈ കുടുംബം അറ്റ്‌ലാന്റിസ് ദ് റോയലിലാണ് താമസിച്ചത്. 22-ാം നിലയിലായിരുന്നു ഇവരുടെ താമസം. 21-ാം നിലയില്‍ എത്തിയപ്പോഴാണ് ദുബൈ ഭരണാധികാരി ലിഫ്റ്റില്‍ കയറിയത്. ഭരണാധികാരിക്ക് ജന്മദിനാശംസകള്‍ നേരാന്‍ കഴിയാതിരുന്നതിലെ വിഷമവും അനസ് പങ്കുവെച്ചു. അദ്ദേഹത്തിന്‌റെ ജന്മദിനമാണെന്ന് അറിയാമായിരുന്നെങ്കിലും ലിഫ്റ്റില്‍ പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ ഒന്നും ഓര്‍മ്മ വന്നില്ലെന്നും അവിശ്വസനീയമായ നിമിഷങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗത്തില്‍ ലിഫ്റ്റ് നീങ്ങുകയും ചെയ്തു. ശനിയാഴ്ചയായിരുന്നു ശൈഖ് മുഹമ്മദിന്റെ 74-ാം ജന്മദിനം.
Read More - പ്രവാസികളെ ചേര്‍ത്തുപിടിച്ച് ശൈഖ് മുഹമ്മദിന്റെ സെല്‍ഫി; വൈറല്‍ വീഡിയോ, പ്രശംസിച്ച് സോഷ്യല്‍ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...