ഹൃദയാഘാതം മൂലം മരണപ്പെടുന്ന പ്രവാസി യുവാക്കള്‍; കാരണങ്ങള്‍ നിരവധി
ചികിത്സിക്കുന്ന ഡോക്ടർമാർക്കു മുന്നിലെത്തുന്നവരിലും ഹൃദ്രോഗമുള്ളവരുടെ എണ്ണം കുറവല്ല. പക്ഷെ അതിലെ യുവാക്കളുടെ എണ്ണമാണ് ഗൗരവമുള്ളത്.
ദുബൈ: പൊന്നോമന മക്കളെ കാണാൻ നാട്ടിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപ്, നാട്ടിൽ നിന്ന് തിരികെയെത്തി തൊട്ടടുത്ത ദിവസം, താമസസ്ഥലത്തും, ജോലി സ്ഥലത്തും, കളിയ്ക്കിടയിലും.. ചികത്സയ്ക്കായി നാട്ടിൽ എത്തിയ ശേഷം... പ്രവാസി യുവാക്കളുടെ ഹൃദയാഘാതം മൂലമുള്ള മരണത്തിന്റെ വാർത്തകളോട് നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു. മൃതദേഹങ്ങളുടെ തുടർനടപടികൾക്കും നാട്ടിലേക്കയ്ക്കാനും ഈ രംഗത്ത് പ്രവർത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. ഈ യുവാക്കളുടെ മരണം നാം ശ്രദ്ധയോടെ കാണണമെന്ന്.
ചികിത്സിക്കുന്ന ഡോക്ടർമാർക്കു മുന്നിലെത്തുന്നവരിലും ഹൃദ്രോഗമുള്ളവരുടെ എണ്ണം കുറവല്ല. പക്ഷെ അതിലെ യുവാക്കളുടെ എണ്ണമാണ് ഗൗരവമുള്ളത്. നാട്ടിൽ നിന്ന് വിട്ടുനിന്നുള്ള ജീവിതം, ജീവിത പ്രാരാബ്ധങ്ങൾ, സാമ്പത്തിക സമ്മർദം, മാനസിക പിരിമുറുക്കം, ടെൻഷൻ. ഹൃദയം പണിമുടക്കുന്നതിലേക്ക് നയിക്കുന്ന പല കാരണങ്ങളുണ്ട്.
അൽപ്പം കൂടി വിശാലമായി പറഞ്ഞാൽ പൊതുവിൽ നാമെല്ലാം ഹൃദ്രോഗമുൾപ്പടെ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടാൻ ഏറെ സാധ്യതയുള്ള മേഖലയിലുള്ളവരാണ്. അതിനാൽ കൂടുതൽ ശ്രദ്ധ വേണം. അന്യനാട്ടിലെ പരിശോധന ചികിത്സാ ചെലവുകളും, നാട്ടിലെയും വീട്ടിലെയും ബാധ്യതകളുമോർത്ത് പലരും മുൻകൂർ പരിശോധനകൾക്കോ ചികിത്സകൾക്കോ തയാറുണ്ടാവില്ല. പിന്നെയാകട്ടെ എന്ന് മാറ്റിവെച്ചേക്കും. അരുതെന്ന് പറയുന്നു ഹൃദയാരോഗ്യ വിദഗ്ദർ.
Read Also - യുഎഇയില്‍ യുവജന മന്ത്രിയാകാം; താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ്
ഇനി നല്ല പ്രായത്തിൽ തന്നെ ഹൃദയത്തെ റിസ്കിലാക്കുന്ന ഈ കാര്യങ്ങൾ കൂടി. അഷ്റഫ് താമരശേരിക്ക് പറയാനുള്ളത് അൽപ്പം കൂടി പ്രവാസികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കാനാണ്.
അവരുടെ മാനസിക പ്രയാസങ്ങൾ കേൾക്കാനും തിരിച്ചറിഞ്ഞ് ഇടപെടാനും ഹൃദയം പൊട്ടിയുള്ള മരണങ്ങളവസാനിപ്പിക്കാനും. പ്രവാസിക്ക് പ്രശ്നങ്ങൾ പറയാനും, മാനസിക സംഘർഷം ലഘൂകരിക്കാനും ഉള്ള വേദികൾ സംഘടനകളോ സംസ്ഥാന സർക്കാരോ ഇടപെട്ട് ഒരുക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
വീടിന് വേണ്ടി മാത്രമല്ല, നാടിന് വേണ്ടി കൂടി അന്യനാട്ടിൽ വിയർപ്പൊഴുക്കുന്നവരാണ് ഈ പ്രവാസികൾ. അവരുടെ ഹൃദയതാളത്തെ അറിയാൻ നമുക്കെല്ലാവർക്കും കടമയുണ്ട്.