പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി
ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാന കമ്പനിയാണ് ആകാശ എയര്‍. കൂടുതല്‍ വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വന്നേക്കും.
ദില്ലി: ലോ കോസ്റ്റ് എയര്‍ലൈന്‍ ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ഉഭയകക്ഷി കരാര്‍ അടിസ്ഥാനമാക്കി ഈ ശൈത്യകാലത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ പദ്ധതിയിടുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ദുബായിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നുള്ള ഒരു ഔദ്യോഗിക നിയുക്ത വിമാന കമ്പനിയാകാന്‍ ആകാശയ്ക്ക് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. ആ പദവി ലഭിച്ചാല്‍ മറ്റ് രാജ്യങ്ങളെ ഇക്കാര്യം അറിയിക്കും. ഈ രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കണം. ശേഷം ആകാശ എയറിന് ആ വിമാനത്താവളങ്ങളില്‍ സ്ലോട്ടുകള്‍ക്ക് അപേക്ഷിക്കാം. ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാന കമ്പനിയാണ് ആകാശ എയര്‍. കൂടുതല്‍ വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വന്നേക്കും.
Read Also - പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം 'പൊടിപൊടിക്കാന്‍' ഈ എമിറേറ്റ്
ആകാശയെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബൈ നേരത്തെ അറിയിച്ചിരുന്നു. അതേസമയം അടുത്തിടെ പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ സ്വകാര്യ വിമാന കമ്പനിയായ അകാശ എയറിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. മൂന്ന് മാസത്തിനിടെ 43 പൈലറ്റുമാരാണ് അകാസ എയറിൽ നിന്ന് രാജി വച്ചത്. പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതോടെ ഓഗസ്റ്റിൽ 630ലേറെ സർവീസുകളാണ് റദ്ദാക്കിയത്.
പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയില്‍ നിയമ നടപടികളുമായി വിമാനകമ്പനി മുന്നോട്ട് പോയിരുന്നു. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പൈലറ്റുമാര്‍ക്കെതിരായ നിയമ നടപടി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെതിരെയോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനെതിരെയോ അല്ലെന്ന് എയര്‍ലൈന്‍ വിശദീകരിച്ചു. പൈലറ്റുമാര്‍ തൊഴില്‍ കരാര്‍ പ്രകാരം പാലിക്കേണ്ട നോട്ടീസ് പീരിഡിന്റെ കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഫസ്റ്റ് ഓഫീസർക്ക് 6 മാസവും ക്യാപ്റ്റന് 1 വർഷവുമാണ് നോട്ടീസ് പിരീഡ്. 23 കോടി നഷ്ടപരിഹാരം വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...