പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍, തനിച്ച് യാത്ര പോകുന്ന കുട്ടികളെ ബാധിക്കും
5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയില്‍ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കള്‍ അനുഗമിക്കേണ്ട വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരെയാണ്.
എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ചതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോള്‍ സെന്റര്‍ ഏജന്റ് പറയുന്നത്.
അവധി ലഭിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.
Read Also - യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച അവസരം; റിക്രൂട്ട്മെന്‍റുകള്‍ നാളെ തുടങ്ങും
വിസ മാറല്‍; സ്വകാര്യ ബസുകളില്‍ ഒമാനിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം
മസ്‌കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.
യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് ഒമാനിലേക്ക് വരുന്നത്. മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷമാണ് പലരും തിരിച്ച് യുഎഇയിലേക്ക് പോകുന്നത്. ഇത്തരക്കാര്‍ പലരും ബസിലായിരുന്നു ഒമാനിലേക്ക് വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമില്ലെന്നാണ് അറിയുന്നത്. മുവാസലാത്ത് അല്‍ ഐനില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...