പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക; നടപടി ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തുകയേക്കാൾ മൂന്നിരട്ടി തുകയാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് മേഖലയിലേക്ക് എത്തണമെങ്കിൽ നൽകേണ്ടത്.
ദില്ലി: ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള പാർലമെൻ്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി. ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഇരുട്ടടിയായി മാറുകയാണ് വർദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കിൽ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ വേണമെന്നും വിഷയം പാർലമെന്റ്ൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഇന്നലെ വിഷയം ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തുകയേക്കാൾ മൂന്നിരട്ടി തുകയാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് മേഖലയിലേക്ക് എത്തണമെങ്കിൽ നൽകേണ്ടത്. നാൽപ്പതിനായിരം മുതൽ 75,000 രൂപ വരെയാണ് ഈ സമയത്ത് കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്ക് ഈടാക്കുന്ന തുക.
സാധാരണ നിലയിൽ പതിനായിരത്തിനും 15000നും ലഭിക്കുന്ന ടിക്കറ്റ് നിരക്കാണ് വർദ്ധിപ്പിച്ച് മൂന്നിരട്ടി വരെയാക്കി നിശ്ചയിച്ചിരിക്കുന്നത്. വിമാന കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന നിലപാട് മാറ്റണമെന്നും അവധിക്കാലങ്ങളിൽ വിമാന കമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ബെന്നി ബഹനാൻ എംപി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.
നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന.
Read Also - എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...