യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 128 കോടി രൂപ; വെളിപ്പെടുത്തി വ്യോമയാന അധികൃതര്‍

നാശനഷ്ടങ്ങള്‍, ബാഗേജ് നഷ്ടപ്പെടുക, വിമാനം റദ്ദാക്കിയതോ വൈകിയതോ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ഇതില്‍പ്പെടുന്നു.

gulf news 128.64 crore as compensation given to passengers by Saudi aviation companies rvn

റിയാദ്:  2021-22 കാലയളവില്‍ ദേശീയ വ്യോമയാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 5.8 കോടി സൗദി റിയാല്‍ (128 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിവിധ കാരണങ്ങള്‍ക്കാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്.

നാശനഷ്ടങ്ങള്‍, ബാഗേജ് നഷ്ടപ്പെടുക, വിമാനം റദ്ദാക്കിയതോ വൈകിയതോ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ഇതില്‍പ്പെടുന്നു. വിമാന കമ്പനികള്‍ യാത്രക്കാരോടുള്ള കടമകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എടുത്തുപറഞ്ഞു. 

Read Also -  ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍

അതേസമയം വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 

പുതിയ നിയമങ്ങള്‍ നവംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ നല്‍കണമെന്ന് പഴയ നിയമാവലിയില്‍ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയില്‍ 750 റിയാല്‍ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നത്. ഓവര്‍ബുക്കിങ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്താന്‍ ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയില്‍ അനുശാസിക്കുന്നത്.

പുതിയ നിയാമവലി പ്രകാരം 200 ശതമാനം നഷ്ടപരിഹാരമാണ് ഉറപ്പാക്കുന്നത്. ബുക്കിങ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പുതിയതായി ഉള്‍പ്പെടുത്തുന്ന ഓരോ സ്‌റ്റോപ്പ്-ഓവറിനും 500 റിയാല്‍ വരെ തോതില്‍ നഷ്ടപരിഹാരം ലഭിക്കും. വികലാംഗര്‍ക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ നിയമാവലിയില്‍ വ്യക്തമാക്കുന്നു.

Read Also -  ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

ബാഗേജ് നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും പുതിയ നിയമാവലിയില്‍ 6,568 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ലഗേജ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാല്‍ ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതല്‍ 300 റിയാലും തോതില്‍ പരമാവധി 6,568 റിയാല്‍ വരെ പുതിയ നിയമാവലിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്ര റദ്ദാക്കാന്‍ യാത്രക്കാരന്‌ അനുമതിയുണ്ട്. സര്‍വീസ് റദ്ദാക്കിയതായി കണക്കാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാരന് അര്‍ഹതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios