മാസ്‍ക് വേണ്ടെങ്കിലും ചിലയിടങ്ങളില്‍ ഗ്രീന്‍ പാസ് വേണം; അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ ഇങ്ങനെ

ഇവന്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് അബുദാബിയില്‍ ഇപ്പോഴും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ്‍ നിര്‍ബന്ധമാണ്. ഇവന്റുകളുടെ സംഘാടകര്‍ക്ക് ആവശ്യമെങ്കില്‍ അധിക മുന്‍കരുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാം. 

green pass a must at some places including entertainment and tourist venues in Abu Dhabi

അബുദാബി: യുഎഇയിലെ കൊവിഡ് പ്രതിരോധ നിബന്ധനകളില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു. ഇത് പ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ നിലവില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമല്ല.  അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചു.

യുഎഇ നാഷണല്‍ എമര്‍ജന്‍സി - ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകള്‍ പിന്തുടരുകയാണെന്ന് കാണിച്ച് അബുദാബി സാംസ്‍കാരിക - വിനോദ സഞ്ചാര വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇത് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും കൊവിഡ് രോഗികളും കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരും നിര്‍ബന്ധമായും മാസ്‍ക് ധരിച്ചിരിക്കണം. ഒപ്പം ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രായമായവരും മാസ്‍ക് ധരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇവന്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ പ്രവേശനത്തിന് അബുദാബിയില്‍ ഇപ്പോഴും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ്‍ നിര്‍ബന്ധമാണ്. ഇവന്റുകളുടെ സംഘാടകര്‍ക്ക് ആവശ്യമെങ്കില്‍ അധിക മുന്‍കരുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാം. ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍, കൊവിഡ് പ്രതിരോധ വാക്സിനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് 30 ദിവസത്തേക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കും. വാക്സിനെടുത്തിട്ടില്ലാത്തവര്‍ക്ക് ഏഴ് ദിവസമായിരിക്കും ഗ്രീന്‍ പാസിന്റെ കാലാവധി. കൊവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി സാംസ്‍കാരിക - വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. 

Read also: സ്വകാര്യ മേഖലയിലെ 72 ശതമാനം പ്രവാസികളുടെയും ശമ്പളം 200 ദിനാറില്‍ താഴെയെന്ന് കണക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios