ആഗോള ആരോഗ്യമേള ഇന്ന് അവസാനിക്കും; 5,000 കോടി റിയാലിന്‍റെ നിക്ഷേപ കരാറുകൾ
തിങ്കളാഴ്ചയാണ് മേള ആരംഭിച്ചത്.
റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബൽ ഹെൽത്ത് 2024)ന് റിയാദിൽ ഇന്ന് അവസാനിക്കും. ‘ആരോഗ്യത്തിൽ നിക്ഷേപിക്കുക’ എന്ന തലവാചകത്തിൽ വടക്കൻ റിയാദിലെ മൽഹം മേഖലയിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തിങ്കളാഴ്ച ആരംഭിച്ച മേളയാണ് ബുധനാഴ്ച അവസാനിക്കുന്നത്. രാജ്യത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആരോഗ്യ മേളയാണ് ഇത്. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ ആരോഗ്യമേഖലയിൽ 5,000 കോടി റിയാൽ മൂല്യമുള്ള നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയുടെ നവീകരണം, ഡിജിറ്റൽ പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു കേന്ദ്രമായി സൗദി അറേബ്യ പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ നിക്ഷേപം കുതിച്ചുയർന്നിട്ടുണ്ട്. 2023 അവസാനത്തോടെ 1.2 കോടിയിലധികം ആളുകൾ ഇൻഷുർ ചെയ്യപ്പെട്ടു. 2011-ൽ ഇത് 30 ലക്ഷം ആളുകൾ മാത്രമായിരുന്നു. 2030-ഓടെ മൂല്യം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നിക്ഷേപ ഇടപാടുകൾക്ക് പുറമേ, ഗവേഷണം, നവീകരണം, ആരോഗ്യപരിപാലന പ്രഫഷനലുകളുടെ വികസനം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന സർവകലാശാലകൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവ തമ്മിലുള്ള സഹകരണം ഉൾപ്പെടെ ആരോഗ്യമേഖലയിലുടനീളമുള്ള നിരവധി തന്ത്രപരമായ പങ്കാളിത്തങ്ങളും മറ്റ് കരാറുകളും ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചു.
ലോകത്തിൻറെ വിവിധ കോണുകളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ദ്ധർ, നിക്ഷേപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ഗ്ലോബൽ ഹെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 40 രാജ്യങ്ങളിൽ നിന്നായി 1200-ലധികം ഉത്പന്നങ്ങൾ മൂന്ന് ദിവസത്തെ പരിപാടിയിൽ പ്രദർശനത്തിനുണ്ട്. വിവിധ സെഷനുകളിലായി അഞ്ഞൂറിലേറെ പ്രഭാഷകർ സംസാരിക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ നിരവധി സുപ്രധാന നിക്ഷേപങ്ങൾ കൊണ്ട് വരുന്നതിനും കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും മേള അവസരമൊരുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ആശുപത്രികൾ പോളിക്ലിനിക്കുകൾ ഫർമസികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളുകളും മറ്റ് ഐ.ടി ബിസിനസ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം