ആഗോള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കം
150 ലധികം യോഗങ്ങളും ശിൽപശാലകളും നടക്കുന്നുണ്ട്.
റിയാദ്: സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (ഗെയ്ൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മൂന്ന് ദിവസം നീളുന്ന ഉച്ചകോടിക്ക് റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെൻററാണ് വേദി. 100 രാജ്യങ്ങളിൽനിന്നുള്ള ഈ പ്രമുഖർ, സാമ്പത്തിക നയ നിർമാതാക്കൾ, ചിന്തകർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിദഗ്ധർ, 450 ലധികം പ്രഭാഷകർ എന്നിവരാണ് പെങ്കടുക്കുന്നത്. 150 ലധികം യോഗങ്ങളും ശിൽപശാലകളും നടക്കുന്നുണ്ട്.
‘എ.ഐ നൗ, നെക്സ്റ്റ്, നെവർ’ എന്ന തലക്കെട്ടിൽ നടക്കുന്ന മൂന്നാമത് ആഗോള എ.ഐ ഉച്ചകോടിയിൽ (ഗെയ്ൻ) സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഒരേസമയം വിവിധ വേദികളിൽ നടക്കുന്ന സെഷനുകളിൽ പങ്കെടുക്കുന്നത്. ഗൂഗ്ൾക്ലൗഡ്, ഓറക്ക്ൾ, ഐ.ബി.എം, അക്സെഞ്ചർ തുടങ്ങിയ ഐ.ടി രംഗത്തെ അതിഭീമന്മാരായ 200-ഓളം ബഹുരാഷ്ട്ര കമ്പനികളാണ് ഉച്ചകോടിയിൽ എ.ഐ സൊല്യൂഷൻസും എ.ഐ റോഡ്മാപ്പും അവതരിപ്പിച്ചുകൊണ്ട് ബൂത്തുകളും സെഷനുകളും ഒരുക്കിയിരിക്കുന്നത്.
സദ്യ, ലൂസിഡ്, തഹക്കും, എസ്.ടി.സി സൊല്യൂഷൻസ്, ഇൽമ് തുടങ്ങിയ സൗദി അറേബ്യൻ എ.ഐ സൊല്യൂഷൻസ് കമ്പനികളും തദ്ദേശീയമായി നിർമിച്ചിരിക്കുന്ന വിവിധ എ.ഐ പ്ലാറ്റുഫോമുകളും അനുബന്ധ ഉൽപന്നങ്ങളും ഉച്ചകോടിയിൽ പരിചയപ്പെടുത്തുന്നുണ്ട്. എൻ3 ഇമ്മേഴ്‌സിവ് എസ്സ്‌പീരിയൻസ് എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ചരിത്രം വിശദീകരിക്കുന്ന എക്സിബിഷനും ഉച്ചകോടിയുടെ ഭാഗമാണ്.
സൗദിയിലെ യൂനിവേഴ്സിറ്റികൾ വികസപ്പിച്ച് പേറ്റൻറ് നേടിയ വിവിധ ഉത്പന്നങ്ങളുടെ വിശദാ൦ശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗെയ്ൻ ഉച്ചകോടി എ.ഐ രംഗത്തെ സൗദി അറേബ്യയുടെ നേതൃത്വവും ആഗോള സ്വാധീനവും ശക്തിപ്പെടുത്തുന്നതിനായി ഉപകരിക്കുമെന്ന് സംഘാടകരായ സദ്യയുടെ പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, ബ്ലോക് ചെയിൻ, ക്രിപ്റ്റോ കറൻസി, ഇൻറർനെറ്റ് ഓഫ് തിങ്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ പുരോഗതികളും സാധ്യതകളും ഉപയോഗങ്ങളും ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെടും.
ഇന്ത്യയിൽനിന്നുള്ള മാധ്യമ പങ്കാളിയായി പങ്കെടുക്കുന്ന മീഡിയ വൺ മേള നഗരിയിൽ സ്വന്തം ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും എംബസി ഉദ്യോഗസ്ഥ സംഘവും ഗെയ്ൻ ഉച്ചകോടി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
https://www.youtube.com/watch?v=QJ9td48fqXQ