ഒറ്റ വിസയിൽ ചുറ്റിക്കറങ്ങി വരാം ആറ് രാജ്യങ്ങൾ; ടൂറിസം രംഗത്ത് വിപ്ലവം കൊണ്ടുവരാനൊരുങ്ങി ജിസിസി രാജ്യങ്ങൾ
മരുഭൂമിയിൽ പോയിട്ടെന്ത് കാണാനാണ് എന്ന് ഇനിയുള്ള കാലത്ത് ആരും ചോദിക്കില്ല. കാരണം ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്.
ദുബൈ: 2024 ജനുവരി മുതൽ മാർച്ച് വരെ വെറും മൂന്നു മാസം. ദുബൈയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം അറിയാമോ? 50,1800 സഞ്ചാരികൾ. 83 ശതമാനം ഹോട്ടൽ മുറികളും നിറഞ്ഞു. അതാണ് ടൂറിസത്തിന്റെ പവർ. ഈ ടൂറിസ്റ്റുകളെ വല വീശാനാണ് ലോകരാജ്യങ്ങൾ ഒന്നാകെ ദുബായിലെത്തിയത്. അറേബ്യൻ ട്രാവൽ മാർക്കറ്റിനായി.
250 കോടി ഡോളറിന്റെ ഡീൽ നടക്കുന്നതാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. അതായത് 20,000 കോടിയിലധികം രൂപയുടെ ബിസിനസ്. വെറുമൊരു മരുഭൂമിയിൽ നിന്ന് ദ്വീപും മരതക മുത്തു പോലുള്ള നഗരങ്ങളും പണിതാണ് ദുബൈ ടൂറിസ്റ്റുകളുടെ സ്വർഗമായി മാറിയത്. ലോകത്തെ ഏറ്റവും മനോഹരമായ നഗരം തങ്ങളുടേതാകണമെന്ന ലക്ഷ്യമാണ് ദുബായിയെ വേറിട്ടതാക്കുന്നത്. മനസ്സുവെച്ചാൽ സ്വന്തമാക്കാൻ ആർക്കും കഴിയുമെന്നതാണ് ആ സന്ദേശം. ആ ദുബായിലാണ് ലോകരാജ്യങ്ങളെല്ലാം സഞ്ചാരികളെ വലവീശിപ്പിടിക്കാനെത്തിയത്. അറേബ്യൻ ട്രാവൽ മാർക്കറ്റിലേക്ക്. 2100ലധികം പ്രദർശകരാണ് എത്തിയത്.
മരുഭൂമിയിൽ പോയിട്ടെന്ത് കാണാനാണ് എന്ന് ഇനിയുള്ള കാലത്ത് ആരും ചോദിക്കില്ല. കാരണം ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്. ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ അതിന്റെ തുടക്കം.
യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ. 6 രാജ്യങ്ങൾക്ക് ഒറ്റ ടൂറിസ്റ്റ് വിസ. ഗ്രാൻഡ് ടൂർ വിസ. ഒരു മാസം വരെ തങ്ങാം. ഇത് ആവശ്യമെങ്കിൽ നീട്ടാം. ദുബായ് കാണാൻ വരുന്ന ടൂറിസ്റ്റിന് ഇനി സൗദിയിലെ നിയോം സിറ്റിയും ഒമാനിലെ പ്രകൃതിഭംഗിയും ഒക്കെ ഒറ്റ വിസയിൽ കാണാമെന്ന് ചുരുക്കം. ജിസിസി രാജ്യങ്ങൾ ടൂറിസത്തിന് നൽകുന്ന പ്രാധാന്യം കാണേണ്ടത് തന്നെയാണ്.
Read Also - സൗദി അറേബ്യയിൽ വീണ്ടും മെർസ് കൊറോണ വൈറസ്; മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു, ഒരാൾ മരണപ്പെട്ടു
സൗദി സമീപകാലത്ത് രാജ്യത്തെ ക്ലബ്ബുകളിലെത്തിച്ച മുഴുവൻ താരങ്ങളുടെയും ജഴ്സികൾ ടൂറിസ്റ്റ് പവലിയനിൽ. ടൂറിസം കാഴ്ച്ചകൾ്കൊപ്പം എ.ആ, വി.ആർ അഡ്വഞ്ചർ അനുഭവം. വിർചവൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ഫോട്ടോയും വീഡിയോയും എടുക്കാനുള്ള ചാൻസ് മുതൽ അസീർ പർവ്വത നിരകളിലൂടെ അതി സാഹസികമായി യാത്ര ചെയ്യാനുള്ള അവസരം വരെ.
യുഎഇ എയർലൈൻ രംഗത്തെ വൻ കുതിപ്പിലാണ്. എമിറേറ്റ്സ് എയർലൈൻസ് ഇക്കോണമി ക്ലാസുകൾ നീക്കി പ്രീമിയം ഇക്കോണമി ക്ലാസുകൾ കൂടുതൽ കൊണ്ടുവരുന്നു. പുതിയ എ350, 380 വിമാനങ്ങൾ കൂടുതൽ കൊണ്ടു വരുന്നു. മുംബൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും പുതിയ സർവവീസുകൾ വരും. 191 വിമാനങ്ങൾ മോടി കൂട്ടി വീണ്ടും ഇറക്കാനുള്ള പദ്ധതിയും എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഷാർജ, റാസൽഖൈമ, പ്രകൃതി ഭംഗി കൊണ്ട് അനുഗൃഹീതമായ ഫുജൈറ, അൽഐൻ എല്ലാം ടൂറിസം കാൻവാസിങ്ങിൽ മുൻപിലുണ്ട്.