കൈവശമുള്ളത് 179 വന്യജീവികള്‍, കയ്യോടെ പിടികൂടി അധികൃതര്‍; മൂന്ന് വിദേശികളടക്കം നാലുപേർ അറസ്റ്റില്‍
പാരിസ്ഥിതിക വ്യവസ്ഥയുടെയും വന്യ ജീവജാലങ്ങളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും സംരക്ഷണത്തിനുള്ള ചട്ടങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കുന്നതെന്ന് പരിസ്ഥിതി സേന പറഞ്ഞു.
റിയാദ്: പാരിസ്ഥിതിക നിയങ്ങൾ ലംഘിച്ച് 179ഓളം വന്യജീവികളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത സൗദി പൗരനും മൂന്ന് വിദേശികളും പിടിയിൽ. സിറിയ, ഇറാഖി, ബംഗ്ലാദേശ് രാജ്യക്കാരായ മൂന്ന് പേരെയും ഒരു പൗരനെയും ദേശീയ വന്യജീവി വികസന കേന്ദ്രവുമായി ഏകോപിപ്പിച്ച് പരിസ്ഥിതി സുരക്ഷയുടെ പ്രത്യേക സേനയാണ് അറസ്റ്റ് ചെയ്തത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും കൈവശം വെച്ചതിലുൾപ്പെടും.
പാരിസ്ഥിതിക വ്യവസ്ഥയുടെയും വന്യ ജീവജാലങ്ങളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും സംരക്ഷണത്തിനുള്ള ചട്ടങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കുന്നതെന്ന് പരിസ്ഥിതി സേന പറഞ്ഞു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ജീവികളെ നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറിന് കൈമാറിയതായും സേന വിശദീകരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളെ പ്രദർശിപ്പിച്ചാലുള്ള ശിക്ഷ 10 വർഷം വരെ തടവോ മൂന്ന് കോടി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇതിലൊന്നോ ആയിരിക്കും.
മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ
റിയാദ്: മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം സ്റ്റേഷനുകളും അഞ്ച് മൊബൈൽ സ്റ്റേഷനുകളുമാണ് ഉണ്ടാവുക.
ഒരോ വർഷവും ഹജ്ജ് സീസണിൽ വായു ഗുണനിലവാര സൂചകങ്ങൾ തുടർച്ചയായി കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ വിവരങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് കൈമാറും. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാനും തീർഥാടകർക്ക് സുഖപ്രദമായ ഹജ്ജ് അനുഭവം നൽകാനും വേണ്ടിയാണിത്. ഓരോ അഞ്ച് മിനിറ്റിലും അഞ്ച് പ്രധാന വായു ഘടകങ്ങളുടെ സൂചകങ്ങൾ അളക്കാൻ എയർ ക്വാളിറ്റി മെഷർമെൻറ് സ്റ്റേഷനുകൾക്ക് കഴിയും. ഈ സൂചകൾ നേരിട്ട് സെൻട്രൽ മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കും. നിരവധി ദേശീയ വിദഗ്ധർ അത് വിശകലനം ചെയ്യുകയും ഹജ്ജ് കമ്മിറ്റി അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് ദൈനംദിന റിപ്പോർട്ടുകൾ കൈമാറുകയും ചെയ്യും.