യുഎഇയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് ഭേദമായി
ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകനായ 15 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുഞ്ഞിനെയും പരിശോധിച്ചത്. ചെറിയ പനിയും ചുമയുമുണ്ടായിരുന്നു.
ദുബായ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗം ഭേദമായി. ദുബായിലെ അല്‍ സഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. ഏപ്രില്‍ അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിന്റെ മൂന്ന് സാമ്പിളുകളും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകനായ 15 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുഞ്ഞിനെയും പരിശോധിച്ചത്. ചെറിയ പനിയും ചുമയുമുണ്ടായിരുന്നു. സഹോദരനും ഇതേ രോഗ ലക്ഷണങ്ങളായിരുന്നു പ്രകടിപ്പിച്ചത്. അച്ഛന്റെയും അമ്മയുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു.
കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതറിഞ്ഞപ്പോള്‍ തങ്ങള്‍ പരിഭ്രാന്തരായതായി മാതാപിതാക്കള്‍ പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് കുഞ്ഞിനുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാലയളവില്‍ ആരോഗ്യനില എപ്പോഴും തൃപ്തികരമായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.