മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. ഇതടക്കം എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളവയായിരുന്നു.
മനാമ: വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ മയക്കുമരുന്നുമായി പിടിയിലായ നാല് പേര്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഓരോരുത്തര്‍ക്കും 3000 ബഹ്റൈനി ദിനാര്‍ വീതം പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് നാല് പേരും അറസ്റ്റിലായത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. ഇതടക്കം എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളവയായിരുന്നു. ആദ്യ കേസില്‍ 19 വയസുകാരനായ പ്രവാസി യുവാവ് ഇരുനൂറോളം മെത്താംഫിറ്റമീന്‍ ഗുളികകള്‍ വയറിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ലഹരി ഗുളികകള്‍ പുറത്തെടുത്തു.
Read also: ലഗേജില്‍ കഞ്ചാവും മയക്കുമരുന്നും മദ്യവും; വിമാനത്താവളത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
സെല്ലാഫൈന്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലുള്ള ക്യാപ്‍സൂളുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തതെന്നും ആകെ 1.2 കിലോഗ്രാം മയക്കുമരുന്നാണ് യുവാവ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്നും കോടതി രേഖകള്‍ പറയുന്നു. മറ്റ് ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുറ്റകൃത്യം ചെയ്യേണ്ടി വന്നതെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇതിന് തെളിവുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഈ വാദം കോടതി കണക്കിലെടുക്കാതെ തള്ളുകയായിരുന്നു.
രണ്ടാമത്തെ കേസില്‍ 31 വയസുകാരനായ പ്രവാസി യുവാവ് 194 ലഹരി ഗുളികകളാണ് സമാനമായ തരത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പരിശോധയ്‍ക്കിടെ പിടിയിലായ ഇയാളുടെ ശരീരത്തില്‍ നിന്ന് ഗുളികകളെടുക്കാന്‍ ശസ്‍ത്രക്രിയ നടത്തേണ്ടിവന്നു. 177 ഗുളികകള്‍ ശസ്‍ത്രക്രിയയിലൂടെയും 17 ഗുളികകള്‍ അല്ലാതെയും ശരീരത്തില്‍ നിന്ന് പുറത്തെടുത്തതായി കേസ് രേഖകള്‍ പറയുന്നു.
സമാനമായ മറ്റൊരു സംഭവത്തിലും രണ്ട് പ്രവാസികള്‍ക്ക് ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. നാല് പേരെയും ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തും. രാജ്യത്തേക്ക് ലഹരി മരുന്ന് കടത്താന്‍ കള്ളക്കടത്ത് സംഘങ്ങള്‍ പുതിയ രീതികള്‍ പ്രയോഗിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ നേരത്തെ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിരുന്നു. സമാനമായ തരത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി വേറെയും ആളുകള്‍ ബഹ്റൈനില്‍ അറസ്റ്റിലായിരുന്നു.
Read also: സൗദി അറേബ്യയിൽ വാഹനാപകടം; മലയാളി സഹോദരങ്ങൾ മരിച്ചു