മുൻ പ്രവാസിയും പൊതുപ്രവർത്തകനുമായ മലയാളി നിര്യാതനായി
കോഴിക്കോട് മിംസ് ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്നാണ് മരണം.
റിയാദ്: ആദ്യകാല പ്രവാസിയും റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറും പൊതുപ്രവർത്തകനുമായിരുന്ന അബ്ദുറഹ്മാന്‍ പെരുമണ്ണ (71) നിര്യാതനായി. കോഴിക്കോട് പെരുമണ്ണ സ്വദേശി മഞ്ചപ്പാറക്കല്‍ അബ്ദുറഹ്മാന്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
ബത്ഹയില്‍ പ്രഥമ ജനറല്‍ സർവിസ് ആരംഭിക്കുകയും സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുകയും ചെയ്ത അദ്ദേഹം റിയാദിലെ മലയാളികൾക്കിടയിൽ ഏറ്റവും സുപരിചിതനായ പൊതുപ്രവർത്തകനും പ്രവാസികള്‍ക്ക് സഹായിയുമായിരുന്നു.
അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നാണ് അദ്ദേഹം പൊതുവിൽ അറിയപ്പെട്ടിരുന്നത്. റിയാദില്‍ കോണ്‍ഗ്രസിെൻറ പോഷക സംഘടനയായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ആർ.ഐ.സി.സി) രൂപവത്കരിച്ചപ്പോൾ പ്രഥമ പ്രസിഡൻറായി പ്രവർത്തിക്കുകയും ദീര്‍ഘകാലം സംഘടനയെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് റിയാദിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല, ദുരിതം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് സഹായം ചെയ്യുന്നതില്‍ മാതൃകയായിരുന്നു അബ്ദുറഹ്‌മാനെന്ന് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. അബ്ദുറഹ്മാൻ പെരുമണ്ണയുടെ ഖബറടക്കം കോഴിക്കോട് പുവ്വാട്ട് പറമ്പ് ജുമാമസ്ജിദിൽ നടന്നു. മക്കൾ: ഫസീല, ഫയ്സർ റബ്ബാനി, ജസീന. മരുമക്കൾ: ഫിറോസ്, അബ്ദുൽ സലാം (കൊടുവള്ളി), ഹിന ഫയ്സർ (മുക്കം).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം