ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ 'പടിക്ക് പുറത്ത്'; വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം
ദേശീയ സുരക്ഷാ കാരണങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിസ റദ്ദാക്കാന്‍ യുകെ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ജെന്റിക്കിന്റെ അഭ്യര്‍ത്ഥന ബ്രിട്ടനിലെ നിരോധിത ഗ്രൂപ്പായ ഹമാസിനുള്ള പിന്തുണയെ ലക്ഷ്യം വെച്ചാണെന്നാണ് കരുതുന്നത്.
ലണ്ടന്‍: ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദ്യാര്‍ത്ഥികളോ തൊഴിലാളികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരെ വിസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കമെന്ന് 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഹമാസിനെ പിന്തുണച്ചതിന്റെ തെളിവുകൾ ഉണ്ടെങ്കില്‍ ദേശീയ സുരക്ഷാ കാരണങ്ങളാൽ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിഗണിക്കാന്‍ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിസ റദ്ദാക്കാന്‍ യുകെ നിയമം അനുവദിക്കുന്നുണ്ട്.
ഫ്രാന്‍സില്‍ യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വിദേശ പൗരന്മാരെ പുറത്താക്കുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി ജെറാള്‍ഡ് ഡാര്‍മെയ്ന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം വിസ റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
Read Also - അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍
ഇസ്രയേലിന്‍റെ തുടര്‍ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക
വാഷിങ്ടണ്‍:ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികള്‍ക്കും ജോ ബൈഡന്‍ നെതന്യാഹുവിന് പിന്തുണ അറിയിച്ചു. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിവരം വൈറ്റ് ഹൗസാണ് പ്രസ്താവനയായി പുറത്തുവിട്ടത്.
യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റുമായും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ, സൈനിക നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഐസൻഹോവർ ഇസ്രയേലിനടുത്തേക്ക് നീക്കാന്‍ തീരുമാനിച്ചു. നേരത്തെ ജെറാൾഡ് ഫോർഡ് എന്ന യുദ്ധകപ്പൽ ഇസ്രയേലിനടുത്ത് നിലയുറപ്പിച്ചിരുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല റാലികൾ നടന്നു. ആയിരകണക്കിന് പേർ ഇന്ന് വൈറ്റ് ഹൗസിന് മുമ്പിലും റാലി സംഘടിപ്പിച്ചു. ഇതിനിടെ, പ്രസിഡന്റ് ജോ ബൈഡൻ, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ഫോണിൽ സംസാരിച്ചു. മാനുഷിക ഇടനാഴിയടക്കമുള്ള ആവശ്യങ്ങൾ അബ്ബാസ് ഉന്നയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം