ദുബൈ വിമാനത്താവളത്തിൽ തീപിടുത്തം; രണ്ടാം ടെർമിനലിൽ 40 മിനിറ്റ് ചെക്ക് ഇൻ തടസ്സപ്പെട്ടു
ഏകദേശം 40 മിനിറ്റുകൾക്ക് ശേഷം ചെക്ക് ഇൻ പുനഃരാരംഭിച്ചതായും നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. രണ്ടാം ടെർമിനലിലാണ് ശനിയാഴ്ച രാത്രി തീപിടുത്തമുണ്ടായത്. തുടർന്ന് ചെക്ക് ഇൻ നടപടികൾ താത്കാലികമായി നിർത്തിവെച്ചത്. എന്നാൽ തീ നിയന്ത്രണ വിധേയമാക്കിയതായി പിന്നീട് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ വിമാനത്താവളത്തിന്റ പ്രവർത്തനത്തിന് തടസങ്ങളില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആളപായമോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളില്ല. തീ പിടുത്തമുണ്ടായതിന് പിന്നാലെ ചെക്ക് ഇൻ നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. എയർപോർട്ടിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഏകദേശം 40 മിനിറ്റുകൾക്ക് ശേഷം ചെക്ക് ഇൻ പുനഃരാരംഭിച്ചതായും നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ പിന്നീട് അറിയിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബൈ വിമാനത്താവള അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം