പ്രവാസിയെ സ്വീകരിക്കാനെത്തിയ ബന്ധുക്കൾ വിമാനത്താവളത്തിൽ കാത്തുനിന്നത് ഒരാഴ്ച; ഒടുവിൽ കാര്യമറിഞ്ഞപ്പോൾ ആശ്വാസം

വിമാനത്താവളത്തിൽ കാത്തുനിന്ന ബന്ധുക്കൾ ആളെ കാണാതെ അന്വേഷിച്ചപ്പോൾ ലഗേജ് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് അറിഞ്ഞത്. എന്ത് സംഭവിച്ചുവെന്നറിയാത്ത ആശങ്കയിൽ ഒരാഴ്ച കാത്തിരുന്നു.

family members of an NRI man waited at Airport for a week expecting his arrival only luggage came by flight

റിയാദ്: ലേഗേജ് എത്തിയിട്ടും ആളെത്താത്ത ആധിയിൽ ഡൽഹി എയർപ്പോർട്ടിൽ വീട്ടുകാർ ഒരാഴ്ച കാത്തിരുന്നപ്പോൾ റിയാദ് എയർപ്പോർട്ടിൽ വിമാനത്തിലേക്കുള്ള വഴി കാണാതെ കുടുങ്ങി കഴിയുകയായിരുന്നു യു.പി മഹരാജ് ഗഞ്ച് സ്വദേശി സുരേഷ് പസ്വാൻ. സൗദി അറേബ്യയിലെ ഹാഇലിൽ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഇയാളെ ആഗസ്റ്റ് 25നാണ് തൊഴിലുടമ റിയാദ് എയർപ്പോർട്ടിൽ കൊണ്ടാക്കിയത്. അന്ന് രാത്രി 8.40ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന നാസ് എയർലൈൻസ് വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്. ലഗേജ് ചെക്കിൻ, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മൂന്നാം നമ്പർ ടെർമിനലിൽ ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു. എന്നാൽ ഇരുന്ന ഏരിയ മാറിപ്പോയി. ശരിയായ ഗേറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന സമയം വരെ അനൗൺസ് ചെയ്തിട്ടും കാണാഞ്ഞതിനാൽ വിമാനം അതിന്റെ സമയത്ത് പറന്നു.

ഇയാളെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ ഡൽഹി എയർപോർട്ടിലെത്തിയിരുന്നു. വിമാനം വന്ന് സമയമേറെ കഴിഞ്ഞിട്ടും ആളെ കാണാതെ അധികൃതരോട് അന്വേഷിച്ചപ്പോഴാണ് ലഗേജ് മാത്രമേ വന്നിട്ടുള്ളൂ ആളെത്തിയിട്ടില്ല എന്ന് മനസിലാകുന്നത്. എത്തുന്ന ഓരോ വിമാനത്തിലും പ്രതീക്ഷയർപ്പിച്ച് എയർപ്പോർട്ടിൽ ദിവസങ്ങളോളം കഴിഞ്ഞു. ഫോണിലേക്ക് വിളിച്ചു നോക്കിയിരുന്നെങ്കിലും കിട്ടിയില്ല. എന്ത് പറ്റിയെന്നറിയാതെ ആശങ്കയിലായി ബന്ധുക്കൾ.
ഇതിനിടെ റിയാദ് എയർപ്പോർട്ടിലെ ഡ്യൂട്ടി മാനേജർ, സൗദിയിലെ മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചുപറഞ്ഞു, ഇന്ത്യാക്കാരനായ ഒരാൾ കുറച്ചുദിവസമായി മൂന്നാം നമ്പർ ടെർമിനലിലുണ്ടെന്ന്. 

മൗനിയാണ്. ആഹാരം കഴിക്കുന്നില്ല. കുളിക്കുന്നില്ല, വസ്ത്രം മാറുന്നില്ല. ഒരേയിരിപ്പാണ് എന്നെല്ലാം മാനേജർ വിദശീകരിച്ചു. ശിഹാബ് ഉടൻ തന്നെ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി മൊയിൻ അക്തറിനെ വിവരം അറിയിച്ചു. അവിടെ പോയി നോക്കി വേണ്ടത് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. തുടർന്ന് ശിഹാബും പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പി, റഊഫ് പട്ടാമ്പി എന്നിവരും എയർപ്പോർട്ടിലെത്തി. അധികൃതരുടെ അനുമതിയോടെ അകത്ത് കയറി സുരേഷിനോട് സംസാരിച്ചു. 

എന്നാൽ മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന അയാൾക്ക് കാര്യമായിട്ടൊന്നും സംസാരിക്കാനായില്ല. കൈയ്യിലുള്ള ഫോൺ വാങ്ങി അതിൽനിന്ന് അവസാനം വിളിച്ചയാളുടെ നമ്പറെടുത്ത് വിളിച്ചു. ദമ്മാമിൽ ജോലി ചെയ്യുന്ന ബന്ധുവാണ് ഫോണെടുത്തത്. കുറച്ചുദിവസമായി സുരേഷിനെ കുറിച്ച് ഒരു വിവരവുമില്ലാതെ പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ ഡൽഹി എയർപ്പോർട്ടിൽ കാത്തിരിക്കുകയാണെന്നും അയാൾ പഞ്ഞു. അയാൾ നൽകിയ സുരേഷിന്റെ ഭാര്യയുടെ നമ്പറിലേക്ക് വിളിച്ച് ശിഹാബ് വിവരം അറിയിച്ചു. ആൾ ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.

എത്രയും വേഗം അയാളെ നാട്ടിലെത്തിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. എംബസി എല്ലാസഹായവും വാഗ്ദാനം ചെയ്തു. ടിക്കറ്റെടുത്ത് രണ്ടാം നമ്പർ ടെർമിനലിൽ എത്തിച്ചാൽ നാട്ടിലെത്തിക്കാമെന്ന് എയർ ഇന്ത്യ ഉറപ്പ് നൽകി. ഇതനുസരിച്ച് എയർ ഇന്ത്യയുടെ ടിക്കറ്റ് എടുക്കുകയും ചെയ്തു. ടെർമിനൽ ഷിഫ്റ്റിങ്ങിന് എയർപ്പോർട്ട് അധികൃതരും തയ്യാറായി. ആറേഴ് ദിവസമായി ഒരേ വസ്ത്രം ധരിച്ചിരുന്നതിനാൽ അത്  മുഷിഞ്ഞുപോയിരുന്നു. മാറാൻ വേറെ വസ്ത്രങ്ങളൊന്നും കൈവശമില്ലായിരുന്നു. പാസ്പോർട്ട് അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ശിഹാബും സംഘവും പുറത്തുപോയി പുതിയ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുവന്നു. എന്നാൽ വസ്ത്രം മാറാനോ ഇരുന്നിടത്ത് നിന്ന് അനങ്ങാനോ സുരേഷ് തയ്യാറായില്ല. കഠിനപരിശ്രമം നടത്തി അയാളെ പുതിയ വസ്ത്രമണിയിച്ചെങ്കിലും കുറച്ചധികം ദൂരമുള്ളതിനാൽ  മൂന്നാം നമ്പർ ടെർമിനലിൽനിന്ന് രണ്ടാം നമ്പർ ടെർമിനിലേക്ക് കൊണ്ടുപോകൽ എളുപ്പമല്ലെന്ന് മനസിലായി.

എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി 9.30നാണ്. മൂന്നാം നമ്പർ ടെർമിനലിൽനിന്ന് രാത്രി 8.40ന് പുറപ്പെടുന്ന നാസ് വിമാനത്തിൽ കയറ്റിവിടാമെന്ന് ഒടുവിൽ തീരുമാനമായി. പുതിയ ടിക്കറ്റെടുത്തു. അയാളെ സുരക്ഷിതമായി ഡൽഹിയിൽ കുടുംബാംഗങ്ങളുടെ അടുത്തെത്തിക്കാൻ ഒരു സഹയാത്രികനെ ചുമതലപ്പെടുത്തി വിടുകയും ചെയ്തു. ടെർമിനലിൽ വഴിമുട്ടിയപ്പോഴുണ്ടായ മാനസികാഘാതത്തിൽനിന്ന് പൂർണമായി മുക്തനാവാൻ കഴിഞ്ഞില്ലെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിൽ ഉറ്റവരുടെ അടുത്തെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios