കുവൈത്തിൽ തൊഴിലുടമ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

ഇക്കഴിഞ്ഞ മൂന്നാം തിയ്യതിയാണ് തിരുവാരൂർ സ്വദേശി മുത്തുകുമാരൻ കുവൈത്തിലേക്ക് പോയത്. ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ എന്ന സ്ഥാപനമാണ് ഇയാളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്തത്

family demands the immediate release of body of Muthu Kumaran who killed in Kuwait

ചെന്നൈ: ആടുമേയ്ക്കാൻ വിസമ്മതിച്ചതിന് കുവൈത്തിൽ തൊഴിലുടമ വെടിവച്ച് കൊന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു.കൊല്ലപ്പെട്ടെന്ന വിവരം കുടുംബത്തിന് ലഭിച്ച് അഞ്ച് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ നടപടിയായിട്ടില്ല. ഇതോടെ സംഭവത്തിൽ പ്രതിഷേധവുമായി നിരവധി തമിഴ് സംഘടനകൾ തെരുവിലിറങ്ങി.

ഇക്കഴിഞ്ഞ മൂന്നാം തിയ്യതിയാണ് തിരുവാരൂർ സ്വദേശി മുത്തുകുമാരൻ കുവൈത്തിലേക്ക് പോയത്. ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ എന്ന സ്ഥാപനമാണ് ഇയാളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്തത്. ഒരു സ്ഥാപനത്തിൽ ക്യാഷ്യറായുള്ള ജോലിയെന്നായിരുന്നു വാഗ്ദാനം. 

പക്ഷേ അവിടെയെത്തിയപ്പോൾ മുത്തുകുമാരന് ലഭിച്ച ജോലി ആടുമേയ്ക്കലായിരുന്നു. ഒരു ലോറി നിറയെ ആടുകളോടൊപ്പം കയറ്റി ഇയാളെ തൊഴിലുടമ മരുഭൂമിയിലേക്കയച്ചു. എന്നാൽ ഈ ജോലി ചെയ്യാൻ പറ്റില്ലെന്ന് മുത്തുകുമാരൻ പറഞ്ഞതോടെ തൊഴിലുടമ ഇയാളെ ഭീഷണിപ്പെടുത്തി. രക്ഷ തേടി മുത്തുകുമാരൻ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെ പ്രകോപിതനായ തൊഴിലുടമ ഇയാളെ തോക്ക് കൊണ്ട് മർദ്ദിക്കുകയും  വെടിവച്ച് കൊല്ലുകയുമായിരുന്നു. കുവൈത്തിലേക്ക് പോയ മുത്തുകുമാരനെ കുറിച്ച് ഏഴാം തീയതി മുതൽ ബന്ധുക്കൾക്ക് യാതൊരു വിവരവുമില്ലായിരുന്നു. 

അൽ അഹ്മ്മദിലെ ഒരു തൊഴുത്തിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. പ്രതിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചതായുള്ള വിവരമൊന്നും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിലും വേഗത്തിലുള്ള നടപടിയില്ല. ഇതോടെയാണ് വിവിധ സംഘടനകൾ തിരുവാവൂരിൽ പ്രതിഷേധിച്ചത്. ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് മുത്തുകുമാരന്‍റെ കുടുംബം. ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു നാട്ടിൽ ജോലി. കൊവിഡ് കാലത്ത് അത് നഷ്ടമായതോടെയാണ് മറ്റ് വരുമാനം തേടിയതും ഒടുവിൽ കുവൈത്തിലെത്തിയതും. 

Latest Videos
Follow Us:
Download App:
  • android
  • ios