ബാഗേജ് അലവൻസ്; എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ വിശദീകരണത്തിൽ വ്യക്തതക്കുറവ്, പ്രവാസികൾ ആശങ്കയിൽ
പുതിയ ബുക്കിങ് സമയത്ത് ഇത് സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിൽ നൽകുന്നുണ്ട്. യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഈ നിയന്ത്രണമില്ല.
ദുബൈ: എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്. ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കോർപ്പറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് സൗജന്യ ബാഗേജ് 30ൽ നിന്ന് 20 കിലോയാക്കി കുറച്ചതെന്നും മറ്റു ബുക്കിങ്ങിനെ ബാധിക്കിലെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 കിലോ മാത്രമാണ് യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ബാഗേജ് കൊണ്ടു പോകാനാവുക.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് സൗജന്യ ബാഗേജ് 30 കിലോയിൽ നിന്ന് 20 കിലോയാക്കി കുറച്ചത് കോർപ്പറേറ്റ് വാല്യു, കോർപ്പറേറ്റ് ഫ്ലെക്സ് എന്നീ കോർപ്പറേറ്റ് ടിക്കറ്റുകൾക്ക് മാത്രമാണെന്നാണ് എയർഇന്ത്യ എക്സപ്രസ് നൽകിയ വിശദീകരണം. വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു ചാനലുകൾ വഴിയുള്ള ബുക്കിങ് എന്നിവയെ ഈ മാറ്റം ബാധിക്കില്ലെന്നാണ് വിശദീകരണം. എന്നാൽ ഇവിടെ പോയി നോക്കിയാലറിയാം ചതി. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ബുക്കിങ്ങിലും 20 കിലോ മാത്രമാണ് സൗജന്യ ബാഗേജ് അനുമതി.
അതായത് നേരത്തെ 30 കിലോ അനുമതിയുണ്ടായിരുന്ന കോർപ്പറേറ്റ് ബുക്കിങ്ങിലെ ഇളവ് കൂടി വെട്ടിയെന്നർത്ഥം. അതേസമയം മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് ഈ നിയന്ത്രണമില്ലാതെ 30 കിലോ കൊണ്ടു പോവുകയും ചെയ്യാം. ഇതോടെ തിരിച്ചടിയുണ്ടായത് തങ്ങൾക്കാണെന്ന് ടിക്കറ്റ് ബുക്കിങ് ഏജൻസികൾ പറയുന്നു. ട്രാവൽ ഏജൻസികളുടെ ബുക്കിങ് നേരത്തെ കോർപ്പറേറ്റ് ഗണത്തിലായതിനാൽ ചെറിയ ചെലവിൽ 30 കിലോ അനുവദിക്കുമായിരുന്നു. യാത്രക്കാർക്കും ഇത് ഗുണമായിരുന്നു. മുന്നറിയിപ്പില്ലാതെ ഇത് റദ്ദായതോടെ ഏജൻസികൾക്ക് തിരിച്ചടിയായി. വലിയ പങ്ക് യാത്രക്കാരും ഇപ്പോഴും ആശ്രയിക്കുന്നത് ഏജൻസികളെയാണ് താനും. എന്ത് കൊണ്ട് യുഎഇയിൽ നിന്നുള്ള വിമാനങ്ങളിൽ മാത്രം നിയന്ത്രണം എന്ന ചോദ്യത്തിനും ഉത്തരമില്ല.
Read Also - യുഎഇയിൽ നിന്നുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് അലവന്‍സ്; വിശദീകരണവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
അതേസമയം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി അനുവദിക്കുന്ന ബാഗേജ് പരിധി വെട്ടിക്കുറച്ചതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. 30 കിലോ ബാഗേജ് അനുവദിച്ചിരുന്നതാണ് 20 കിലോയായി ചുരുക്കിയത്. പുതിയ ബുക്കിങ് സമയത്ത് ഇത് സംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിൽ നൽകുന്നുണ്ട്. യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഈ നിയന്ത്രണമില്ല. ഇതോടെ പുതിയ ബുക്കിങ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ക്യാബിൻ ബാഗുൾപ്പടെ 27 കിലോ മാത്രമാണ് കൊണ്ടു പോകാനാവുക. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം