ബിരുദ യോഗ്യതയില്ലാത്ത പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് കണക്കുകള്‍

കുറഞ്ഞത് സര്‍വകലാശാലാ ബിരുദമെങ്കിലും യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള 15,724 പ്രവാസികള്‍ ഒരു വര്‍ഷത്തിനിടെ മാത്രം പ്രവാസം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്നാണ് കണക്കുകളിലുള്ളത്. 

expats above 60 years with no degrees leaving Kuwait in large numbers says report

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിഭാഗത്തില്‍പെട്ട പ്രവാസികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിരവധി ചര്‍ച്ചകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളുമൊക്കെ ഉയര്‍ന്നതിന് ശേഷമാണ് ഏറ്റവും പുതിയ കണക്കുകള്‍ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ടത്.

കുറഞ്ഞത് സര്‍വകലാശാലാ ബിരുദമെങ്കിലും യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള 15,724 പ്രവാസികള്‍ ഒരു വര്‍ഷത്തിനിടെ മാത്രം പ്രവാസം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയെന്നാണ് കണക്കുകളിലുള്ളത്. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ സന്തുലനം നിലനിര്‍ത്തുന്നതിനും തൊഴില്‍ വിപണിയിലെ അസന്തുലനം അവസാനിപ്പിക്കാനും  അധികൃതര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ വര്‍ഷം പകുതിയിലെ കണക്കുകള്‍ പ്രകാരം 60 വയസിനോ അതിന് മുകളിലോ പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്ത 82,598 പ്രവാസികള്‍ കുവൈത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഈ വിഭാഗത്തില്‍പെടുന്ന പ്രവാസികളുടെ എണ്ണം 98,598 ആയിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ മാത്രം 15,724 പേര്‍‌ പ്രവാസം അവസാനിപ്പിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അതേസമയം ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 1664 പേര്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടെ രാജ്യം വിട്ട് പോയത്. ഈ വിഭാഗത്തില്‍പെടുന്ന 14,544 പ്രവാസികളാണ് ഇപ്പോള്‍ കുവൈത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇവരുടെ എണ്ണം 16,208 ആയിരുന്നുവെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Read also: മസാജ് സെന്ററില്‍ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

Latest Videos
Follow Us:
Download App:
  • android
  • ios