പ്രവാസി വീട്ടുജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ഈ കാരണങ്ങൾ ഉണ്ടാവണമെന്ന് മാത്രം
നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക് സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി. നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സൗദിയിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം. സൗദി അറേബ്യയിലെ മാനവ - വിഭവശേഷി മന്ത്രാലയം, ഗാര്‍ഹിക തൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണിത്.
നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 28ന്മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കുന്നത്.
കാരണങ്ങൾ ഇവയാണ്:
1. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫീസ്, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ.
2. തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയാൽ.
3. തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്‍പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്‍പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)
4. തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ
ഇത്തരം സാഹചര്യങ്ങളില്‍ കാരണം പരിശോധിച്ച് ലേബർ ഓഫീസാണ് ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനൽ എക്‍സിറ്റ് ലഭിക്കാന്‍ അർഹതയുണ്ടോ എന്ന് തീരുമാനിക്കുക. തീരുമാനം അനുകൂലമായാൽ ലേബര്‍ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച് ലഭിക്കുന്ന രേഖയുമായി സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാന്‍ സാധിക്കും.
Read also: കുവൈത്തില്‍ വാഹനാപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു