ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു
മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.
(പ്രതീകാത്മക ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സംഘവും ഫോറൻസിക് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് കൈമാറി.
നിർമ്മാണ ജോലി ചെയ്യുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ ജോലിയിൽ ഏര്‍പ്പെടുന്നതിനിടെ ഗ്ലാസ് പാളി വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ് സംഭവം.
ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഗ്ലാസ് പാളി തകർന്ന് ദേഹത്തേക്ക് വീണ് പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.