മദ്യ ലഹരിയില്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
മദ്യ ലഹരിയില്‍ വാഹനം ഓടിച്ച ഇയാള്‍ റോഡിലെ റെഡ് സിഗ്നല്‍ ലംഘിച്ചു. എതിര്‍ ദിശയില്‍ വാഹനം ഓടിക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്‍തതായി ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍ തലവനും മുതിര്‍ന്ന അഭിഭാഷകനുമായ സലാഹ് ബു ഫറൂഷ പറഞ്ഞു.
ദുബൈ: യുഎഇയില്‍ മദ്യ ലഹരിയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച പ്രവാസിക്ക് കോടതി ഒരു മാസം ജയില്‍ ശിക്ഷ വിധിച്ചു. 42 വയസുകാരനായ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. മദ്യപിച്ച ശേഷം റോഡില്‍ ഗതാഗതം അനുവദിക്കപ്പെട്ടതിന്റെ എതിര്‍ ദിശയിലൂടെ വാഹനം ഓടിക്കുകയും ചുവപ്പ് സിഗ്നല്‍ ലംഘനം ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്‍ത ബ്രിട്ടീഷ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്.
മദ്യ ലഹരിയില്‍ വാഹനം ഓടിച്ച ഇയാള്‍ റോഡിലെ ട്രാഫിക് സിഗ്നല്‍ ലംഘിച്ചു. എതിര്‍ ദിശയില്‍ വാഹനം ഓടിക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്‍തതായി ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍ തലവനും മുതിര്‍ന്ന അഭിഭാഷകനുമായ സലാഹ് ബു ഫറൂഷ പറഞ്ഞു. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദുബൈ പൊലീസിന്റെ സെക്യൂരിറ്റി പട്രോള്‍ സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കസ്റ്റഡിയിലെടുത്തു. പിന്നീട് ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.
ബ്രെത്ത്അനലൈസര്‍ പരിശോധനയില്‍ വലിയ അളവില്‍ ഇയാള്‍ മദ്യം കഴിച്ചിട്ടുള്ളതായി തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. പിന്നീട് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇയാളെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസിലെ മറ്റ് നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോടതിയിലേക്ക് കൈമാറി. വിചാരണ പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ ദിവസം കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കാനും ശിക്ഷ വിധിച്ചത്.
Read also: പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍