16 വര്‍ഷത്തെ ശ്രമം, ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഡെലിവറി ഡ്രൈവറുടെ 'തലവര' മാറി; ഇനി കോടീശ്വരൻ

16 വര്‍ഷമായി സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹം എന്നെങ്കിലും തനിക്ക് സമ്മാനം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. 

expat delivery driver wins 45 crore rupees through big ticket draw

അബുദാബി: അബുൾ മൻസൂറിന്‍റെ 16 വര്‍ഷത്തെ സ്വപ്നമാണ് കഴിഞ്ഞ ദിവസം സഫലമായത്. ഒറ്റ രാത്രിയില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതിന്‍റെ സന്തോഷത്തിലാണ് അബുദാബിയില്‍ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ അബുൾ മൻസൂർ അബ്ദുൾ സബൂർ. നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസായ 20 മില്യന്‍ ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഇദ്ദേഹം നേടിയത്. 

12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകളാണ് എടുത്തത്. ഇതില്‍ ഒരു ടിക്കറ്റാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. 2007 മുതല്‍ യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. 16 വര്‍ഷമായി താന്‍ ബിഗ് ടിക്കറ്റ് വാങ്ങി വരികയായിരുന്നെന്നും ആകെ 13 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും അബുൾ മൻസൂർ പറഞ്ഞു. സെപ്തംബര്‍ 27ന് വാങ്ങിയ 311573 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. നറുക്കെടുപ്പ് തത്സമയം കാണുമ്പോഴാണ് ഞങ്ങളുടെ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തതായി കാണുന്നത്. വളരെയേറെ സന്തോഷം തോന്നിയെന്നും ഈ ടിക്കറ്റ് വാങ്ങിയ സുഹൃത്തുക്കളില്‍ കൂടുതല്‍ പേരും 1,000 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ ലഭിക്കുന്ന നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. 

50 ദിര്‍ഹവും 100 ദിര്‍ഹവും വീതം ഇവര്‍ ശേഖരിച്ച് വാങ്ങിയ ടിക്കറ്റാണ് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. എന്നെങ്കിലും ഭാഗ്യദേവത തങ്ങള്‍ക്ക് നേരെയും നോക്കി ചിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് അബുൾ മൻസൂറിന്‍റെ കുടുംബം. തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios