PA Ibrahim Haji Passed Away : പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു
പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജി മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
കോഴിക്കോട്: ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജി (78) (Dr. PA Ibrahim Haji) അന്തരിച്ചു. മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് (Stroke) ഡിസംബര്‍ 11ന് അദ്ദേഹത്തെ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്‍ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. യുഎഇയിലും കേരളത്തിലും മംഗളുരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളുമുണ്ട്.
1943ല്‍ കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ അബ്‍ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനിച്ചത്. തുടര്‍ന്ന് 1966ല്‍ ഗള്‍ഫിലേക്ക് പോയി. ടെക്സ്റ്റയില്‍ രംഗത്തായിരുന്നു തുടക്കം. പിന്നീട് ജ്വല്ലറി, ഗാര്‍മെന്റ്സ് മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1999ലാണ് പേസ് ഗ്രൂപ്പ് സ്ഥാപിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് വിവിധ രാജ്യങ്ങളിലായി ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പേസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും പേസ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നു. 2019ല്‍ അദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.