ദുബൈയിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ്; 1600 കോടി ദിർഹത്തിന്‍റെ വമ്പൻ റോഡ് വികസന പദ്ധതികൾ
അൽ സുഫൂഹ്- ദുബൈ മറീന ഭാഗത്താണ് ഇപ്പോൾ ട്രാം സർവ്വീസ് നടത്തുന്നത്.
ദുബൈ: ദുബൈ നഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നു. ട്രാക്കും ഡ്രൈവറുമില്ലാതെ വെർച്വൽ സംവിധാനത്തിലാകും ട്രാം സർവ്വീസ് നടത്തുക. 1600 കോടി ദിർഹം ചെലവിട്ട് വമ്പൻ റോഡ് വികസന പദ്ധതികളും ദുബൈ നഗരത്തിൽ നടപ്പാക്കും.
ട്രാക്കും ഡ്രൈവറുമില്ലാത്ത ട്രാം സർവ്വീസ്. ലേസർ ക്യാമറ ഉപയോഗിച്ച് വെർച്വൽ ട്രാക്കിലൂടെ ഓടുന്ന ട്രാം. ദുബൈ നഗരത്തിൽ എട്ടിടങ്ങളിൽ ഇത്തരത്തിലുള്ള ട്രാം സർവ്വീസ് തുടങ്ങാനാണ് ആലോചന. ഇതിന്റെ സാധ്യതാ പഠനം നടത്താനാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശം. റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോരിറ്റി ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.
നിലവിൽ അൽ സുഫൂഹ്- ദുബൈ മറീന ഭാഗത്താണ് ട്രാം സർവ്വീസ് നടത്തുന്നത്. ഇതിന് പ്രത്യേക ട്രാക്കുണ്ട്. നഗരത്തിൽ ട്രാം സർവ്വീസ് തുടങ്ങിയതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് എട്ടിടങ്ങളിൽ കൂടി സർവ്വീസ് തുടങ്ങാനുള്ള നിർദ്ദേശം. നഗരത്തിൽ നടപ്പാക്കാൻ പോകുന്ന വമ്പൻ റോഡ് വികസന പദ്ധതികളെ കുറിച്ച് അതോരിറ്റി ചെയർമാൻ മതാർ അൽ തായിർ, അദ്ദേഹത്തോട് വിശദീകരിച്ചു. 1600 കോടി ദിർഹം ചെലവിൽ 22 വമ്പൻ പദ്ധതികളാണ് നഗരത്തിൽ പൂർത്തിയാക്കുക. പുതിയ റോഡുകൾ, മേൽപ്പാലങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കും. ഉം സുഖീം, ലത്തീഫാ ബിന്ദ് ഹംദാൻ സ്ട്രീറ്റ്, അൽസഫ, ദുബൈ ക്രീക്ക് തുടങ്ങി വിവിധ ഇടങ്ങളിലായാണ് പദ്ധതി.
കാൽനടയാത്രകാർക്കും സൈക്കിൾ യാത്രകാർക്കും പ്രത്യേക സൗകര്യങ്ങളുണ്ടാക്കും.. 35 ലക്ഷത്തോളം വാഹനങ്ങളാണ് പ്രതിദിനം ദുബായ് നിരത്തിലൂടെ ചീറിപ്പോയുന്നത്.. വരും നാളുകളിൽ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന കൂടി മുന്നിൽ കണ്ടുകൊണ്ടാണ് വികസനം പൂർത്തിയാക്കുകെയന്ന് മതാർ അൽ തായിർ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം