യൂണിയന്‍ കോപ് സ്റ്റോറുകളിലൂടെ ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത് 4 ടണ്‍ മത്സ്യം
പ്രാദേശികവും ഇറക്കുമതി ചെയ്‍തവയുമായ 120 മുതല്‍ 150 വരെ മത്സ്യ ഇനങ്ങളാണ് സ്റ്റോറുകളിലേക്ക് എല്ലാ ദിവസവും എത്തിക്കുന്നതെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു.
ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ വിവിധ ശാഖകള്‍ വഴി ശരാശരി മൂന്ന് മുതല്‍ നാല് ടണ്‍ വരെ മത്സ്യവും മറ്റ് സമുദ്ര ഉത്പന്നങ്ങളുമാണ് ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രാദേശിക മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നവയും ഉള്‍പ്പെടെയുള്ള കണക്കാണിതെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി വിശദമാക്കി. യൂണിയന്‍ കോപിന്റെ മത്സ്യ വിഭാഗം മികച്ച ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുതിയ ശാഖകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശികവും ഇറക്കുമതി ചെയ്തവയുമായ കൂടുതല്‍ മത്സ്യ ഇനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികവും ഇറക്കുമതി ചെയ്‍തവയുമായ 120 മുതല്‍ 150 വരെ മത്സ്യ ഇനങ്ങളാണ് സ്റ്റോറുകളിലേക്ക് എല്ലാ ദിവസവും എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷേരി, സാഫി, ഹമൂര്‍, കനാദ്, ബയാ, നഗൂര്‍, ജഷ്, ഖബാത്ത്, ഖുബാബ്, കോര, ചെമ്മീന്‍, സീബാസ്, വിവിധ തരം ചെമ്മീനുകള്‍ തുടങ്ങിയ മത്സ്യങ്ങളൊക്കെ സ്റ്റോറുകളില്‍ എത്തുന്നുണ്ട്.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പരന്നുകിടക്കുന്ന യൂണിയന്‍ കോപ് ശാഖകള്‍, അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പ്രാധാന്യം കാരണം തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറിയിട്ടുണ്ട്. ഫ്രഷ് മീറ്റ്, ഫിഷ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ച വിഭാഗങ്ങളിലൂടെ ഏറ്റവും മികച്ച വിലയില്‍ എത്തിക്കുന്നത് വഴി സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഈ വര്‍ഷം ആദ്യം മുതല്‍ ഡിമാന്റ് വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്‍തു.
മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിന് പുതിയ തരം പാക്കേജിങ് രീതികളും ഗ്രില്‍ ചെയ്തതും പാചകം ചെയ്‍തുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാറാതെ ഏറെ നേരം കാത്തുസൂക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങളും യൂണിയന്‍ കോപ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രില്‍ ചെയ്യുന്നതിനുള്ള പുതിയ രീതിക്ക് പുറമെയാണിത്. യൂണിയന്‍ കോപ് ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പാകത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരത്തിലുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമെ കട്ടിങ്, ക്ലീനിങ്, പാക്കേജിങ് പോലുള്ള അധിക സേവനങ്ങള്‍ സൗജന്യമായി യൂണിയന്‍ കോപ് നല്‍കുന്നു. അതും എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട്.
ബാര്‍ബിക്യൂവിന് പുറമെ പരിചയ സമ്പന്നരായ ഷെഫുമാരുടെ നേതൃത്വത്തില്‍ തുച്ഛനായ അധിക നിരക്ക് മാത്രം ഈടാക്കിക്കൊണ്ട് ഫ്രൈയിങ് സര്‍വീസും യൂണിയന്‍ കോപ് നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രില്‍ സെക്ഷനില്‍ ഏറ്റവും ആധുനിക കുക്കിങ് ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം അതില്‍ ഉപയോഗിക്കുന്ന ഫ്രഷ് ചേരുവകളിലും പച്ചക്കറികളിലും സുഗന്ധ വ്യജ്ഞനങ്ങളിലുമൊക്കെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പിന്തുടരുക വഴി ഉപഭോക്താക്കള്‍ക്ക് പ്രത്യേക രുചി അനുഭവം സമ്മാനിക്കുകയാണ് യൂണിയന്‍ കോപ്. ഒപ്പം ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന ഏറ്റവും നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മത്സ്യ രംഗത്ത് പരിചയസമ്പന്നരായ ജീവനക്കാരെയാണ് യൂണിയന്‍ കോപ് ശാഖകളില്‍ നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വലിയ ബ്രാഞ്ചുകളില്‍ ഓരോ ഷിഫ്‍റ്റിലും ഏഴ് ജീവനക്കാര്‍ വീതവും ചെറിയ ബ്രാഞ്ചുകളില്‍ മൂന്ന് ജീവനക്കാര്‍ വീതവുമുണ്ടാകും. പരിചയ സമ്പത്തിനൊപ്പം മത്സ്യ ഇനങ്ങളെക്കുറിച്ചും അവ കൈര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള പൊതു അവബോധത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്. ഒപ്പം മത്സ്യവും ഐസും ഒക്കെ കൈകാര്യം ചെയ്യുന്നതുകൊണ്ടും പാചകം ചെയ്യുന്നതുകൊണ്ടും ഉണ്ടാകാന്‍ സാധ്യതയുള്ള അലര്‍ജികളില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും ഇവര്‍ മുക്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം മത്സ്യം സ്വീകരിക്കാനും ഗുണനിലവാരം പരിശോധിക്കാനും സൂക്ഷിക്കാനും ഡിസ്‍പ്ലേ ചെയ്യാനും വൃത്തിയാക്കാനും, മുറിക്കാനും, ഗ്രില്‍ ചെയ്യാനും, മേശകള്‍ വൃത്തിയാക്കാനും, ഉപകരണങ്ങളും മറ്റും വൃത്തിയാക്കാനുമൊക്കെ അവര്‍ക്ക് സമയാസമയങ്ങളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ആരോഗ്യ, പൊതുജന സുരക്ഷ ലക്ഷ്യമിട്ടുമാണ് ഈ നടപടികളെല്ലാം സ്വീകരിക്കുന്നത്.