ദുബായിലെ പ്രവാസികള്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും മടങ്ങിവരാം; മുന്‍കൂര്‍ യാത്രാ അനുമതി വേണം
യുഎഇയുമായി വിമാന യാത്രാ നിയന്ത്രണങ്ങളില്ലാത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് ദുബായിലേക്ക് മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു.
ദുബായ്: ദുബായില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് അറിയിച്ചു. കൊവിഡ് നെഗറ്റീവായ പി.സി.ആര്‍ പരിശോധനാ ഫലവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സില്‍ നിന്നുള്ള മുന്‍കൂര്‍ യാത്രാ അനുമതിയും ഉണ്ടായിരിക്കണം.
യുഎഇയുമായി വിമാന യാത്രാ നിയന്ത്രണങ്ങളില്ലാത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് ദുബായിലേക്ക് മടങ്ങിവരാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. ദുബായ് മീഡിയാ ഓഫീസ് സംഘടിപ്പിച്ച #AskDXBOfficial ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജോലി നഷ്ടമാവുകയും പിന്നീട് വിമാന യാത്രാ നിയന്ത്രണം കാരണം രാജ്യത്ത് കുടുങ്ങിപ്പോവുകയും ചെയ്തതിലൂടെ പിഴ അടയ്ക്കേണ്ടി വരുന്നവര്‍ക്ക് രാജ്യം വിടാനാവില്ലെന്ന് കരുതേണ്ടതില്ലെന്നും ദുബായ് വിമാനത്താവളവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സും ഓരോരുത്തരുടെയും കാര്യം മനുഷ്യത്വപരമായി പ്രത്യേകം പ്രത്യേകം പരിഗണിച്ച് യാത്രാ സൗകര്യം ഒരുക്കുകയാണെന്നും ഇത് സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ദിനംപ്രതി അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ജനുവരിയിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിലേക്ക് വിമാനത്താവളം എത്തുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.