ദുബൈയിലെ അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ പൊലീസ് നടപടി; 870 പേര്‍ അറസ്റ്റില്‍
അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററുകളുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഭീഷണിപ്പെടുത്തലും ബ്ലാക് മെയിലിങും ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്ക് ഇത് വഴിവെയ്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
ദുബൈ: ദുബൈയിലെ അനധികൃത മസാജ് സെന്ററുകളുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 59 ലക്ഷം കാര്‍ഡുകള്‍ കഴിഞ്ഞ 15 മാസത്തിനിടെ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അനധികൃതമായി മസാജ് സേവനം വാഗ്ദാനം ചെയ്‍ത 870 പേരെയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലുമായി അറസ്റ്റ് ചെയ്‍തത്.
അറസ്റ്റിയവരില്‍ 588 പേര്‍ക്കെതിരെ പൊതുമര്യാദകള്‍ ലംഘിച്ചതിനും 309 പേര്‍ക്കെതിരെ കാര്‍ഡുകള്‍ അച്ചടിച്ചതിനും വിതരണം ചെയ്‍തതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. മസാജ് പരസ്യ കാര്‍ഡുകളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകള്‍ക്കെതിരെയും നടപടിയെടുത്തു. 919 ഫോണ്‍ കണക്ഷനുകളാണ് ഇത്തരത്തില്‍ അധികൃതര്‍ വിച്ഛേദിച്ചത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററുകളുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഭീഷണിപ്പെടുത്തലും ബ്ലാക് മെയിലിങും ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്ക് ഇത് വഴിവെയ്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ഇത്തരം അനധികൃത മസാജ് സെന്ററുകളെന്ന് ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടറും ദുബൈ പൊലീസ് സ്റ്റേഷന്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ബ്രിഗേഡിയര്‍ അബ്‍ദുല്ല ഖാദിം സുറൂര്‍ അല്‍ മാസെം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചാണ് ഇരകളെ ആകര്‍ഷിക്കുന്നത്. പരസ്യം വിശ്വസിച്ച് എത്തന്നവരെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് കൊണ്ടുപോയി നിരവധിപ്പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും അവരുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‍ത് പണം തട്ടും.
അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. മസാജ് സെന്ററുകളുടെ പരസ്യ കാര്‍ഡുകള്‍ വാഹനങ്ങളിലും മറ്റും വെയ്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ്. നിയമവിരുദ്ധമായ ബിസിനസുകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നതിന് പുറമെ ഈ കാര്‍ഡുകളിലെ അശ്ലീല ചിത്രങ്ങള്‍ പൊതുമര്യാദകള്‍ക്ക് വിരുദ്ധവുമാണ്. സംസ്‍കാരവിരുദ്ധമായ ഈ പ്രവണത, വാഹനം ഓടിക്കുന്നവര്‍ക്ക് ഭീഷണിയാവുകയും റോഡുകളെ മലിനമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 218 ഫ്ലാറ്റുകളില്‍ റെയ്‍ഡ് നടത്തുകയും 2025 നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നിരവധി ക്യാമ്പയിനുകളാണ് പൊലീസ് നടത്തുന്നത്. 600 ബോധവത്കരണ ബ്രോഷറുകള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് വിതരണം ചെയ്‍തു. ആയിരക്കണക്കിന് സന്ദേശങ്ങള്‍ അയച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 901 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ പൊലീസ് ഐ ആപ്പ് വഴിയോ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററുകള്‍ ദുബൈ ഇക്കണോമിക് ആന്റ് ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടാവും. അത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട് അവ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയാണോ എന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Read also: മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിച്ചു; യുഎഇയില്‍ പ്രവാസി യുവാവിന് ജയില്‍ ശിക്ഷയും നാടുകടത്തലും