ദുബായ് സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങള്‍ നീക്കി, പുനരാരംഭിക്കുന്ന സേവനങ്ങളുടെ പട്ടിക പുറത്തുവിട്ടു
രണ്ട് മീറ്റര്‍ ശാരീരിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന എല്ലാവരും നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കി. രാവിലെ ആറ് മണി മുതല്‍ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ദുബായിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെയ് 27 ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് അന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സാമൂഹിക അകലം പാലിച്ചും കര്‍ശനമായ അണുവിമുക്ത നടപടികള്‍ സ്വീകരിച്ചു കൊണ്ടും സിനിമാ ഹാളുകള്‍ തുറക്കും. സ്‌പോര്‍ട്‌സ് അക്കാദമിക്‌സ്, ജിമ്മുകള്‍, ഫിറ്റ്‌നസ്, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവ തുറക്കും. ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, വിമാനത്താവളം, ക്ലിനിക്കുകള്‍, അക്കാദമിക് കോച്ചിങ് സെന്ററുകള്‍, ആമര്‍ സെന്‍ററുകള്‍ ഉള്‍പ്പെട എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഷോപ്പിങ് സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതി ഇല്ല. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് അണുനശീകരണ യജ്ഞത്തിനുള്ള പുതുക്കിയ സമയം. രണ്ട് മീറ്റര്‍ ശാരീരിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന എല്ലാവരും നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.