യുഎഇയില്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി
സ്വകാര്യ ആശുപത്രികളോട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തരുതെന്നും ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനങ്ങളോട് റാപ്പിഡ് കിറ്റുകള്‍ വില്‍ക്കരുതെന്നും ഡിഎച്ച്എ നിര്‍ദ്ദേശം നല്‍കി.
ദുബായ്: കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) നിര്‍ത്തലാക്കി. സ്വകാര്യ ആശുപത്രികളോട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തരുതെന്നും ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനങ്ങളോട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വില്‍ക്കരുതെന്നും ഡിഎച്ച്എ നിര്‍ദ്ദേശം നല്‍കി.
കൊവിഡ് 19 കണ്ടെത്തുന്നതില്‍ കൃത്യത കുറവായതിനാലാണ് റാപ്പിഡ് ടെസ്റ്റുകള്‍ ഡിഎച്ച്എ നിര്‍ത്തലാക്കിയത്. 30 ശതമാനത്തില്‍ താഴെയാണ് റാപ്പിഡ് ടെസ്റ്റിന്റെ കൃത്യത എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ചൂണ്ടിക്കാട്ടി. കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ വൈറസ് പ്രവേശിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയാണ് റാപ്പിഡ് ടെസ്റ്റില്‍ ചെയ്യുന്നത്.
അതേസമയം അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഈ മാസം 31 വരെ യുഎഇയിലേക്ക് എത്തുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. വിമാനത്താവളത്തിലെത്തുന്നവരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. ടെര്‍മിനല്‍ ഒന്നിലാണ് നൂതന പരിശോധനാ സംവിധാനം ഒരുക്കിയിട്ടുള്ളത്.
വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്നുമുതല്‍; ആകെ 19 സര്‍വ്വീസുകള്‍