യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ്

ഞായറാഴ്ച രാത്രി 10.17നാണ് 6E-1736 വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. അറുപത് വയസ് പ്രായമുള്ള നൈജീരിയന്‍ പൗരനാണ് മരിച്ചത്.

Doha bound Indigo flight made emergency landing at Karachi after a passenger died on board afe

ദില്ലി: ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. എമര്‍ജന്‍സി ലാന്റിങ് പ്രഖ്യാപിച്ച് യാത്രക്കാരന് ജീവന്‍രക്ഷാ പരിചരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിമാനം ലാന്റ് ചെയ്‍ത ശേഷം മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു.

ഞായറാഴ്ച രാത്രി 10.17നാണ് 6E-1736 വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. അറുപത് വയസ് പ്രായമുള്ള നൈജീരിയന്‍ പൗരനാണ് മരിച്ചത്. ഇയാളുടെ മൃതദേഹവുമായി വിമാനം പിന്നീട് ദില്ലിയിലേക്ക് തിരിച്ച് പറന്നു. അഞ്ച് മണിക്കൂറോളം വിമാനം കറാച്ചി എയര്‍പോര്‍ട്ടില്‍ തങ്ങി. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് വിമാനം ദില്ലിയിലേക്ക് തിരിച്ചത്. യാത്രക്കാരന്‍ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിങ് നടത്താന്‍ പൈലറ്റ് അനുമതി തേടുകയായിരുന്നുവെന്ന് കറാച്ചി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.

യാത്രക്കാരന്റെ വിയോഗത്തില്‍ തങ്ങള്‍ അതിയായി ദുഃഖിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നുവെന്നും ഇന്റിഗോ എയര്‍ലൈന്‍സ് അറിയിച്ചു. മറ്റ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

Read also: സ്‍പോണ്‍സര്‍ കൈയൊഴിഞ്ഞതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios