ഗൾഫിനും നാടിനുമിടയിൽ കുരുങ്ങി പ്രവാസികളുടെ മൃതദേഹങ്ങൾ; അവസാനമായി ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്ത് ഉറ്റവർ

പ്രിയപ്പെട്ടവർ വിട്ടുപോയി എന്നറിയുന്നതിനേക്കാൾ വേദനയാണ് അവസാനമൊരു നോക്ക് കാണാൻ കിട്ടാതെ ആ മൃതദേഹം എവിടെയോ കുരുങ്ങി കിടക്കുന്നത്.  

delay in repatriation of mortal remains of expats

ദുബൈ: മരിച്ചാലും കാത്തു കിടക്കേണ്ടി വരുന്ന പ്രവാസി ഒരു വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. പലപ്പോഴും നിയമക്കുരുക്കുകളും യാത്രയിലെ തടസ്സങ്ങളുമാണ് പ്രവാസികളുടെ മൃതദേഹങ്ങളെ
അനാവശ്യ കാത്തിരിപ്പുകളിൽ കുരുക്കിയിടുന്നത്. തൃശൂർ പുന്നയൂർക്കുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ ബന്ധുക്കൾക്ക് കിട്ടിയത് രണ്ടാഴ്ച്ചയോളം കഴിഞ്ഞ ശേഷമാണ്. 

പ്രിയപ്പെട്ടവർ വിട്ടുപോയി എന്നറിയുന്നതിനേക്കാൾ വേദനയാണ് അവസാനമൊരു നോക്ക് കാണാൻ കിട്ടാതെ ആ മൃതദേഹം എവിടെയോ കുരുങ്ങി കിടക്കുന്നത്.  സുരേഷ് കുമാറിന് സംഭവിച്ചത് അതാണ്. ദുബായിൽ ഡ്രൈവറായിരുന്ന സുരേഷ് കുമാറിനെ ഏപ്രിൽ അഞ്ചിനാണ് പനി ബാധിച്ച് ആശുപത്രിയിലാക്കിയത്. പിന്നെയത് ന്യൂമോണിയായി മരണപ്പെട്ടു. പക്ഷെ ഇൻഷുറൻസ് കാലാവധി തീർന്നതുൾപ്പടെ രേഖകളിലെ കാലാവധി തീർന്നതും ആശുപത്രിയിൽ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന തുകയും എല്ലാം ചേർന്ന് ആശയക്കുഴപ്പമായതോടെ മൃതദേഹം നാട്ടിലേക്കെത്തുന്നത് വൈകി.

Read Also -  ഇ- വിസ കൂടുതൽ രാജ്യക്കാർക്ക്; ഇനി എളുപ്പം പറക്കാം, മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ

നാല് ലക്ഷത്തിലധികം ദിർഹം അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഇൻഷുറൻസ് കാലാവധി തീർന്നതാണ് ഇതിനിടയാക്കിയതെന്നാണ്  സാമൂഹ്യ പ്രവർത്തകർ പറയുന്നത്.  ഇതാര് അടയ്ക്കും എവിടെ നിന്ന് കണ്ടെത്തും എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവിൽ ഇന്ത്യൻ എംബസി ഉൾപ്പടെ ഇടപെട്ടു.  പണം ചാരിറ്റി സംവിധാനത്തിൽ നിന്ന് കണ്ടെത്താൻ നിർദേശിച്ചു.  മൃതദേഹം വിട്ടുനൽകി. നാട്ടിലെത്തിച്ചു. 

ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹവും നാട്ടിലെത്താൻ വൈകി.  ഏപ്രിൽ 29ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കയറ്റി വിട്ടു.  മുബൈ വഴിയായിരുന്നു പോകേണ്ടിയിരുന്നത്.  മുംബൈയിൽ  നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്ക് മൃതദേഹം മാറ്റിക്കയറ്റിയില്ല.  മൃതദേഹം സംസ്കാരിക്കാനുള്ള ഒരുക്കങ്ങളുൾപ്പടെ പൂർത്തിയാക്കി അടുത്ത ദിവസം  രാവിലെ വിമാനത്താവളത്തിൽ കാത്തിരുന്ന ബന്ധുക്കൾക്ക് പിന്നീട് മൃതദേഹം ലഭിച്ചത് മണിക്കൂറുകൾ വൈകി രാത്രി.  

2023 സെപ്തംബറിൽ സുഭാഷ് പിള്ളയെന്ന കൊല്ലം സ്വദേശിയായ പ്രവാസിയുടെ മൃതദേഹം വിമാനം വൈകിയത് കാരണം മണിക്കൂറുകൾ കാത്ത് കിടക്കേണ്ടി വന്നതും വാർത്തയായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്  വിമാനം വൈകിയതോടെ സംസ്കാരച്ചടങ്ങു തന്നെ താളം തെറ്റി.    

കേവലം മൃതദേഹം വൈകുന്നതിനുമപ്പുറം പ്രിയപ്പെട്ടവരുടെ മരണത്തലെ ദുഖത്തിനൊപ്പം, വിവരിക്കാനാവാത്ത കാത്തിരിപ്പിന്റെ വേദന കൂടിയാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.  മൃതദേഹങ്ങൾക്ക് ആദരിക്കപ്പടുന്ന, അതിവേഗം നാട്ടിലെത്തിക്കാവുന്ന ഇടപെടലുകൾ വേണമെന്നതാണ് ആവശ്യം. 


 

Latest Videos
Follow Us:
Download App:
  • android
  • ios