ജോലിക്കെത്തി രണ്ടാം ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് മരണം; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ആഗസ്റ്റ് 29നാണ് ഇദ്ദേഹം നാട്ടിൽ നിന്ന് റിയാദിലെത്തിയത്.

dead body of UP native repatriated to homeland

റിയാദ്: ജോലി തേടി സൗദിയിലെത്തി രണ്ടാം ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ച യുപി സ്വദേശിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തി. പ്രവാസം സ്വീകരിച്ച് രണ്ടാം ദിവസമാണ് ഉത്തർ പ്രദേശ് സ്വദേശി ലക്ഷ്മൺ ജസ്വാൾ (23) മരിച്ചത്. ഈ വർഷം ആഗസ്റ്റ് 29-നാണ് നാട്ടിൽ നിന്ന് റിയാദിലെത്തിയത്. സുഹൃത്തിൻറെ കൂടെ ഒരു ദിവസം താമസിച്ച ശേഷം 30-ാം തീയതി രാത്രി സ്പോൺസറുടെ കൂടെ 330 കിലോമീറ്ററകലെ മജ്മഅ-കുവൈത്ത് റൂട്ടിലെ ഉമ്മുൽ ജമാജം എന്ന സ്ഥലത്തെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു.

പ്രധാന ഹൈവേയിൽ നിന്ന് 30 കിലോമീറ്റര്‍ അകലെ മരുഭൂമിയിലാണ് സ്പോൺസറുടെ ഒട്ടകങ്ങളും ഡെസേർട്ട് ക്യാമ്പും സ്ഥിതി ചെയ്യുന്നത്. അവിടെ കാവൽക്കാരനായാണ് ജോലിയിൽ പ്രവേശിച്ചത്. ഒട്ടകത്തെ മേയ്ക്കുന്ന സുഡാൻ പൗരനാണ് സഹപ്രവർത്തകൻ. രണ്ടാം ദിവസം ലക്ഷ്മണ്‍ പ്രഭാത ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള തമ്പിൽ എത്തി ഗ്യാസ് സ്റ്റൗ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിന് മുമ്പേ ഗ്യാസ് ലീക്കായി തമ്പ് മുഴുവൻ ഗ്യാസ് നിറഞ്ഞിരിക്കുകയായിരുന്നു. ലക്ഷമൺ ലൈറ്റർ തെളിയിച്ചതും തീയാളി പിടിക്കുകയായിരുന്നു. വലിയ പൊട്ടിത്തെറിയുമുണ്ടായി. ഗുരുതരമായി പൊള്ളലേറ്റ അയാൾ തൽക്ഷണം മരിച്ചു.

എന്നാൽ ഒന്നര മാസം പിന്നിട്ടിട്ടും മരണാനന്തര നടപടികളൊന്നുമായില്ല. കഴിഞ്ഞ ദിവസം മറ്റൊരു കേസുമായി മജ്മഅ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളൻറിയറും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് പുല്ലൂരിനെ എംബസി ഡത്ത് സെക്ഷനില്‍ നിന്ന് ഇൗ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.

Read Also -  ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

സ്പോണ്‍സറെ ഫോണില്‍ പലതവണ വിളിച്ചുനോക്കി. ഫോണ്‍ എടുക്കാതിരുന്നപ്പോൾ റഫീഖ് മജ്മഅ പോലീസിന്‍റെ സഹായം തേടി. ഏറെ അകലെ ഉമ്മുല്‍ ജമാജം എന്ന സ്ഥലത്താണ് സംഭവമെന്നും മറ്റും മനസിലാക്കുന്നത്. ഇക്കാര്യം നാട്ടിൽ കുടുംബത്തെ അറിയിച്ചു. നിരന്തരം ഉമ്മുല്‍ ജമാജം പൊലീസിനെ ബന്ധപ്പെട്ടു. അതിനടുത്തുള്ള അർതാവിയ പട്ടണത്തിലെ കെ.എം.സി.സി നേതാക്കളായ മുസ്തഫ കണ്ണൂര്‍, താജുദ്ദീൻ മേലാറ്റൂര്‍, റഷീദ് കണ്ണൂര്‍, മജ്മഅ കെ.എം.സി.സി നേതാവ് മുസ്തഫ എന്നിവരുടെ സഹായത്തോടെ പൊലീസ്, ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള രേഖകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എംബസിയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കാനാവാശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനുളള അനുമതിയും ലഭിച്ചു. 

റിയാദ് വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂരും ഇസ്ഹാഖ് താനൂരും റിയാദിൽ നിന്നും 330 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പോവുകയും അവിടെ പൊലീസിൽനിന്നും മൃതദേഹം ഏറ്റുവാങ്ങാനാവശ്യമുളള രേഖകളും മജ്മഅ സിവില്‍ അഫയേഴ്സ് ഓഫീസിൽനിന്ന് ഡത്ത് സർട്ടിഫിക്കറ്റും തരപ്പെടുത്തി. ഹുത്ത സുദൈർ ആശുപത്രിയിൽനിന്ന് റിയാദ് ശുമൈസി മോർച്ചറിയിൽ എത്തിച്ച മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബെ വഴി ലക്നൗ എയർ പോർട്ടിലെത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios