സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ജിസാനിൽ ഖബറടക്കി
ദർബിൽ എട്ടുവർഷമായുള്ള മുസ്തഫ ഇവിടെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്ത് പൊടുന്നനെ തളർന്ന് വീഴുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ബെയ്ഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ ജിസാനിലെ ബെയ്ഷിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുസ്‌തഫയുടെ (45) മൃതദേഹം വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ജിസാൻ ദർബിലെ അൽ ഗായിം മഖ്ബറയിൽ ഖബറടക്കി. ജൂൺ 16നാണ് ഇദ്ദേഹം മരണപ്പെട്ടത്. ദർബിലെ ജോഹറ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു. നമസ്കാരത്തിന് സ്വദേശി പൗരൻ ഹുസൈൻ മിരിയാഹി നേതൃത്വം നൽകി.
ദർബിൽ എട്ടുവർഷമായുള്ള മുസ്തഫ ഇവിടെ ഒരു ബൂഫിയയിൽ ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്ത് പൊടുന്നനെ തളർന്ന് വീഴുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ബെയ്ഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. മരണാനന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് സുൽഫി, സെക്രട്ടറി ഷെമീൽ വലമ്പൂർ, ബെയ്ഷ് കെ.എം.സി.സി പ്രസിഡൻറ് കോമു ഹാജി, ദർബ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷെമീം പാലത്തിങ്ങൽ, വൈസ് പ്രസിഡൻറ് ഷെഫീഖ്, ശിഹാബ് എടവണ്ണ തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.
മുസ്തഫയുടെ ഭാര്യാസഹോദരൻ മഹറൂഫ്, ഭാര്യാ പിതാവിെൻറ സഹോദരൻ ഇല്ല്യാസ് തുടങ്ങിയവരും ജിസാനിൽ എത്തി മറവ് ചെയ്യുന്നതുവരെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചു. ഖമീസ് മുശൈത്, ദർബ്, ബെയ്ഷ്, ഷകീഖ് എന്നിവിടങ്ങളിൽ നിന്നായി നിരവധി പേർ അൽ ഗായിം മഖ്ബറയിൽ നടന്ന ഖബറടക്ക ചടങ്ങിൽ സംബന്ധിച്ചു.
Read Also - വിമാന നിരക്ക് ഉയരുന്നതിനിടെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതൽ
ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന മുസ്തഫയുടെ കുടുംബം പരപ്പനങ്ങാടി ചിറമംഗലം റെയിൽവെ ഗേറ്റിന് സമീപത്താണു താമസിക്കുന്നത്. ഭാര്യ: ഹസീന. മക്കൾ: ഫസ്ന, ബാനസീറ, റിൻഷാ, റസ്ന, മുഹമ്മദ് റാസിഖ്. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ഹംസ, സൈതലവി, റഫീഖ്, ശംസുദ്ധീൻ, നൗഷാദ്, ജമീല, ഹസീന. പരേതനായ കടാക്കൽ ബീരാൻകുട്ടിയാണ് പിതാവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം