നോവായി ആ നാലുപേർ; കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അബ്ബാസിയയിൽ മാത്യുവും കുടുംബവും താമസിക്കുന്ന ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടാവുകയും എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കുടുംബത്തിലെ നാലുപേരും മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ എട്ടു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
തുടർന്ന് ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി തിരുവല്ല മെഡിക്കൽ മിഷൻ മോർച്ചറിയിലേക്ക് മാറ്റും. നീരേറ്റുപുറത്തെ വീട്ടിലേക്ക് ബുധനാഴ്ച വൈകുന്നേരമാണ് പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ എത്തിക്കുക. സംസ്കാര ചടങ്ങുകൾ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ വ്യാഴാഴ്ച നടക്കും.
Read Also - കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അബ്ബാസിയയിൽ മാത്യുവും കുടുംബവും താമസിക്കുന്ന ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടാവുകയും എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കുടുംബത്തിലെ നാലുപേരും മരിച്ചത്. ഒരു മാസത്തെ അവധിക്ക് ശേഷം നാട്ടിൽ നിന്ന് മാത്യുവും കുടുംബവും കുവൈത്തിൽ തിരിച്ചെത്തിയ അതേ ദിവസമായിരുന്നു ദുരന്തം സംഭവിച്ചത്.