കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന് യാത്രാമൊഴി; മൃതദേഹങ്ങൾ സംസ്കരിച്ചു
ഒരുമാസത്തെ അവധിക്കാലം പ്രവാസിയായ മാത്യു മുളയ്ക്കലും കുടുംബവും ചിലവഴിച്ചത് ഉറ്റവര്‍ക്കൊപ്പം പാമ്പയാറിന്റെ കരയിലെ ഈ വീട്ടിൽ ആയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ അഗ്നിബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നീരേറ്റുപുറത്തെ വീട്ടിൽ എത്തിച്ച മാത്യു മുളയ്ക്കലിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിൽ സംസ്കരിച്ചു.
ഒരുമാസത്തെ അവധിക്കാലം പ്രവാസിയായ മാത്യു മുളയ്ക്കലും കുടുംബവും ചിലവഴിച്ചത് ഉറ്റവര്‍ക്കൊപ്പം പാമ്പയാറിന്റെ കരയിലെ ഈ വീട്ടിൽ ആയിരുന്നു. ചേതനയറ്റശരീരവുമായി ഇത്ര പെട്ടന്ന് ഒരു മടങ്ങി വരവ് ആരും പ്രതീക്ഷിച്ചതല്ല. ബന്ധുക്കൾക്കെന്നല്ല നാട്ടുകാർക്ക് പോലും അത് ഉൾക്കൊള്ളനായില്ല. അവധിക്കാലം ആഘോഷിച്ച് ഇക്കഴിഞ്ഞ 19 ന്നായിരുന്നു മാത്യുമുളയ്ക്കലും ഭാര്യ ലിനി മക്കളായ ഐറിൻ, ഐസക്കും കുവൈറ്റിലേക്ക് മടങ്ങിയത്. അന്ന് രാത്രിയായിരുന്നു അപകടം.
അബ്ബാസിയയിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടാവുകയും എസിയിൽ നിന്നുയർന്ന പുക ശ്വസിച്ച് നാലുപേരും മരിച്ചു. ചൊവ്വാഴ്ച നാട്ടിൽ എത്തിച്ച് മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വീട്ടിൽ എത്തിച്ചത്. മാത്യുവും കുടുംബവും ചലനമറ്റു കിടക്കുന്നത് കണ്ടു നിന്നവരുടെ ഉള്ളുലച്ചു. പൊതുദർശനത്തിനും സംസ്കാര ശുശ്രുഷകൾക്കും ശേഷം തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിലായിരുന്നു സംസ്കാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം