ഇന്റര്‍നെറ്റിലെ മലയാളം നിഘണ്ടുവിന് തുടക്കം കുറിച്ച ദത്തുക് കെ.ജെ ജോസഫ് അന്തരിച്ചു
കംപ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പേരാണ് ദത്തുക് കെ.ജെ ജോസഫിന്റേത്. പഴയ മലയാളം നിഘണ്ടുവില്‍നിന്ന് അദ്ദേഹം ഒറ്റയ്ക്ക് ടൈപ്പ് ചെയ്‌തെടുത്ത നൂറുകണക്കിന് പേജുകളാണ് പിന്നീട് ഓളം ഉള്‍പ്പെടെയുള്ള മലയാളം നിഘണ്ടുവായി മാറിയത്.
ക്വലാലംപൂര്‍: വിക്കി നിഘണ്ടുവും ഓളവും ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാള നിഘണ്ടുക്കള്‍ക്ക് തുടക്കം കുറിച്ച ദത്തുക് കെ.ജെ ജോസഫ് (89) അന്തരിച്ചു. മലേഷ്യയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യവും അവിടെയായിരുന്നു. അധ്യാപകന്‍, സബാ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍, മലേഷ്യ സ്റ്റേറ്റ് ഇന്‍ക്വയറി കമ്മീഷന്‍ അംഗം, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ ആദരസൂചകമായി ദത്തുക് എന്ന വിശിഷ്ടബഹുമതി ആദരിച്ചിട്ടുണ്ട്.
കംപ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പേരാണ് ദത്തുക് കെ.ജെ ജോസഫിന്റേത്. പഴയ മലയാളം നിഘണ്ടുവില്‍നിന്ന് അദ്ദേഹം ഒറ്റയ്ക്ക് ടൈപ്പ് ചെയ്‌തെടുത്ത നൂറുകണക്കിന് പേജുകളാണ് പിന്നീട് ഓളം ഉള്‍പ്പെടെയുള്ള മലയാളം നിഘണ്ടുവായി മാറിയത്. പരിമിതമായ തന്റെ കംപ്യൂട്ടര്‍ ജ്ഞാനം ഉപയോഗപ്പെടുത്തി അദ്ദേഹം വര്‍ഷങ്ങളെടുത്താണ് നിഘണ്ടുവും ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണ കൃതികളും ഉള്‍പ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ കംപ്യൂട്ടറിലാക്കിയത്. ഇവയില്‍ പലതും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.
1930 മേയ് 13ന് കൊച്ചിയിലെ കുമ്പളങ്ങിയില്‍ ജനിച്ച അദ്ദേഹം കുമ്പളങ്ങി സെന്റ് ജോര്‍ജ് സെക്കന്ററി സ്കൂള്‍, ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്കൂള്‍, എസ്.ഡി സ്കൂള്‍, ലിയോ XIIIth സ്കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചത്. മലയാളം ഹയറും ജൂനിയര്‍ സെക്കന്‍ഡറിയും പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 12 -ാം വയസില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഊട്ടി സെന്റ് ആന്റണീസില്‍ നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് നിന്നും ഫിസിക്സിലാണ് ബിരുദമെടുത്തത്. കേരളത്തിലെ ആദ്യത്തെ അമേച്വര്‍ റേഡിയോ (ഹാം) പ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. മഹാരാജാസില്‍ ഫിസിക്സ് അസോസിയേഷന്‍, ഫോട്ടോഗ്രാഫി ക്ലബ്ബ്, സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പില്‍ക്കാലത്ത് തിരുവനന്തപുരം ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജില്‍ ബി.എഡിനു പഠിക്കുന്ന സമയത്ത് അദ്ദേഹം കേരളത്തിലെ എല്ലാ ബി.എഡ് വിദ്യാര്‍ഥികള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ട് പ്രസിദ്ധമായ വിമോചനസമരത്തില്‍ പങ്കെടുക്കുകയുണ്ടായി. 1959-ല്‍ മലേഷ്യയിലെ സബാ പ്രവിശ്യയില്‍ പുതുതായി തുടങ്ങിയ ല സാല്‍ സ്കൂളില്‍ ശാസ്ത്രാദ്ധ്യാപകനായാണ് പ്രവാസജീവിതം തുടങ്ങിയത്. തുടര്‍ന്ന് സബാ ടീച്ചേര്‍സ് യൂണിയന്‍, സബാ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ചു. 1974ല്‍ തന്റെ ഉന്നതമായ ഔദ്യോഗികപദവി രാജിവെച്ച് ബിസിനസ്സിലേക്കു തിരിഞ്ഞു. സബാ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍, മലേഷ്യ സ്റ്റേറ്റ് ഇന്‍ക്വയറി കമ്മീഷന്‍ മെമ്പര്‍, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികളും വഹിച്ചിട്ടുണ്ട്.
മലേഷ്യൻ സർക്കാരിന്റെ ഔദ്യോഗികബഹുമതികളോടെ സബാ പ്രവിശ്യയിലെ കോട്ട കിനബാലു സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കും.