ബുര്‍ജ് ഖലീഫ കാണാന്‍ കുഞ്ഞു ബദറിന് ആഗ്രഹം; കുടുംബത്തോടൊപ്പം ദുബൈയിലേക്ക് ക്ഷണിച്ച് ശൈഖ് ഹംദാന്‍
പെരുന്നാള്‍ ആഘോഷിക്കാന്‍ യുഎഇയില്‍ പോകാനായി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അല്‍ ഖബസിന്റെ പ്രതിനിധി എവിടെപ്പാകാനാണ് ആഗ്രഹമെന്ന് ബദറിനോട് ആരാഞ്ഞത്. ബുര്‍ജ് ഖലീഫയെക്കുറിച്ച് എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് ടെലിവിഷനിലൂടെ നിരവധി കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും അവന്‍ പറയുന്നു.
ദുബൈ: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന വമ്പന്‍ നിര്‍മിതികളുടെ നഗരമാണ് ദുബൈ. അതില്‍തന്നെ ഏതൊരാളും ദുബൈയില്‍ എത്തുമ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ബുര്‍ജ് ഖലീഫ തന്നെയായിരിക്കും. പെരുന്നാള്‍ അവധിക്കാലത്ത് ബുര്‍ജ് ഖലീഫ കാണാന്‍ ആഗ്രഹിച്ച ഒരു കുവൈത്തി ബാലനാണ് ഇപ്പോള്‍ അറബ് ലോകത്ത് സാമൂഹിക മാധ്യമങ്ങളില്‍ താരം.
കുവൈത്തിലെ അല്‍ ഖബസ് മീഡിയയുടെ പ്രതിനിധിയോട് സംസാരിക്കുന്ന ബദര്‍ എന്ന ബാലന്റെ വീഡിയോയാണ് വൈറലായത്. ഇത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശ്രദ്ധയില്‍പെട്ടതോടെ ബദറിനെയും കുടുംബത്തെയും ദുബൈയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അദ്ദേഹം. ബദറിനെ പരിചയമുള്ളവര്‍ ആരെങ്കിലും ഇത് കാണുകയാണെങ്കില്‍ അവനെ എന്റെ ക്ഷണം അറിയിക്കണമെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹംദാന്‍ ആവശ്യപ്പെടുന്നു.
പെരുന്നാള്‍ ആഘോഷിക്കാന്‍ യുഎഇയില്‍ പോകാനായി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അല്‍ ഖബസിന്റെ പ്രതിനിധി എവിടെപ്പാകാനാണ് ആഗ്രഹമെന്ന് ബദറിനോട് ആരാഞ്ഞത്. ബുര്‍ജ് ഖലീഫയെക്കുറിച്ച് എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് ടെലിവിഷനിലൂടെ നിരവധി കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും അവന്‍ പറയുന്നു. യുഎഇയിലേക്ക് പോകുന്നതിനാല്‍ ഉടനെ ബുര്‍ജ് ഖലീഫ കാണും എന്നും ബദര്‍ പറയുന്നുണ്ടായിരുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആദ്യം ഇമാര്‍ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ അബ്ബാര്‍ ബദറിനെ ബുര്‍ജ് ഖലീഫയിലേക്ക് ക്ഷണിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ ശൈഖ് ഹംദാന്‍ ബാലനെയും കുടുംബത്തെയും ബുര്‍ജ് ഖലീഫയും ദുബൈയിലെ മറ്റ് കാഴ്ചകളും കാണാനായി ക്ഷണിച്ചിരിക്കുന്നത്.