വന്ദേഭാരത് ദൗത്യത്തിൽ ഉൾപ്പടെ വരുന്നവർക്കും ഇനി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം
ആർടിപിസിആർ ടെസ്റ്റിന്‍റെ ഫലം ലഭ്യമല്ലെങ്കിൽ റാപ്പിഡ് ടെസ്റ്റിന്‍റെ ഫലമായാലും മതിയാകും. പക്ഷേ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമല്ല, വന്ദേ ഭാരത് മിഷനിലൂടെ വരുന്നവർക്കും സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ല.
തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാനസർക്കാർ. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കൊവിഡ് പരിശോധന നിർബന്ധമാകുകയാണ്.
വേഗത്തിൽ കൊവിഡ് പരിശോധന നടത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. ഒരു വിമാനത്തിൽ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗമെന്ന് വിലയിരുത്തിയാണ് സംസ്ഥാനസർക്കാർ നീക്കം. ഇതിനെതിരെ പ്രവാസലോകത്ത് നിന്ന് വലിയ പ്രതിഷേധമുയരാൻ സാധ്യത ഏറെയാണ്. നേരത്തേ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നുള്ളൂ.
എംബസികൾ ഇടപെട്ട്, വേഗത്തിൽ പരിശോധന ഉറപ്പാക്കണമെന്നാണ് സംസ്ഥാനസർക്കാർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറ്റ് നിർദേശങ്ങളൊന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വിദേശകാര്യമന്ത്രാലയത്തിൽ നിന്നോ മറുപടി നൽകിയിട്ടില്ല.
പല പ്രധാനപ്രവാസിസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ആർടിപിസിആർ ടെസ്റ്റുകൾ നടക്കുന്നില്ല. മാത്രമല്ല, ടെസ്റ്റുകൾ നടക്കുന്ന ഇടങ്ങളിൽ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതൽ മുകളിലേക്കാണ് ചാർജ് ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് ഈ ചെലവ് താങ്ങാനാകുന്നതല്ലെന്നും, ഈ തീരുമാനം പിൻവലിക്കണമെന്നും പ്രവാസിസംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്.
ഈ സാഹചര്യത്തിൽ തൽക്കാലം റാപ്പിഡ് ടെസ്റ്റുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് മതിയെന്നാണ് സംസ്ഥാനം ബദൽ നിർദേശമായി മുന്നോട്ട് വയ്ക്കുന്നത്. ട്രൂനാറ്റ് പരിശോധന എന്ന ദ്രുതപരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിൽ ഉള്ള സർട്ടിഫിക്കറ്റ് മതി എന്നതാണ് സംസ്ഥാനത്തിന്‍റെ നിർദേശം. ടിബി രോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ഈ പരിശോധനയ്ക്ക് പൊതുവേ ചെലവ് കുറവാണ്, പെട്ടെന്ന് ഫലം ലഭിക്കുകയും ചെയ്യും.
എന്തായാലും പരിശോധനാഫലം നിർബന്ധമാണെന്ന നിലപാടിലുറച്ച് സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ പ്രതിപക്ഷം സമരത്തിനൊരുങ്ങുകയാണ്. 19-ാം തീയതി രാവിലെ മുതൽ വൈകിട്ട് വരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസസമരം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.