സൗദിയിലെ സ്കൂളുകളിൽ ഇനി ചൈനീസ് ഭാഷാപഠനം; ചൈനയിൽ നിന്ന് അധ്യാപകരെത്തി
തുടക്കത്തിൽ റിയാദ്, യാംബു, കിഴക്കൻ പ്രവിശ്യ, ജിദ്ദ, ജിസാൻ, തബൂക്ക് എന്നീ ആറ് മേഖലകളിലെ സ്കൂളുകളിലാണ് ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിൽ ചൈനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ പുതിയ അധ്യയനവാർഷാരംഭത്തിൽ ഒരു കൂട്ടം അധ്യാപകർക്ക് ചൈനയിൽനിന്ന് സൗദിയിലെത്തി. അധ്യാപകർക്ക് വൻ വരവേൽപാണ് ലഭിച്ചത്. വനിതകളും പുരുഷന്മാരും ഉൾപ്പെട്ട അധ്യാപകർക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്. അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയ അധ്യാപകരെ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റൻറ്, വിദ്യാഭ്യാസ പെർഫോമൻസ് ഡയറക്ടർ, മേഖലയിലെ നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിച്ചു.
സൗദിയും ചൈനയും തമ്മിലുള്ള സൗഹൃദപരവും സാംസ്കാരികവുമായ ബന്ധത്തിെൻറ ആഴം അവർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ചൈനീസ് അധ്യാപകർ സന്തോഷം പ്രകടിപ്പിച്ചു. സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനാണ് പുതിയ അധ്യയന വർഷാരംഭത്തിൽ ജോലിയിൽ പ്രവേശിക്കാനായി ചൈനീസ് അധ്യാപകർ എത്തിയത്. സൗദിയും ചൈനയും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സഹകരണത്തിെൻറ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. അതേസമയം, സൗദി സ്കൂളുകളിൽ ജോലിക്ക് നിയോഗിക്കുന്നതിെൻറ മുന്നോടിയായി ചൈനയിൽ അധ്യാപകർക്കായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിചയപ്പെടുത്തൽ പരിപാടി സംഘടിപ്പിച്ചു.
Read Also - യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്
തുടക്കത്തിൽ റിയാദ്, യാംബു, കിഴക്കൻ പ്രവിശ്യ, ജിദ്ദ, ജിസാൻ, തബൂക്ക് എന്നീ ആറ് മേഖലകളിലെ സ്കൂളുകളിലാണ് ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്. സ്കൂളുകളുടെ വിവരങ്ങൾ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളിൽ അറബിക്കും ഇംഗ്ലീഷിനും ഒപ്പം ചൈനീസ് ഭാഷ മൂന്നാം ഭാഷയായി പഠിപ്പിക്കാൻ 2023 മാർച്ചിലാണ് മന്ത്രിസഭ അനുമതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം