വലിയ ശമ്പളവും ടിക്കറ്റും വിസയും; വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്, മലയാളികളേ ജാഗ്രതൈ, നിർദ്ദേശവുമായി നോർക്ക

വ്യാജ ജോലി അവസരങ്ങളും വമ്പന്‍ വാഗ്ദാനങ്ങളും നല്‍കി സോഷ്യല്‍ മീഡിയ വഴിയും ഏജന്‍റുമാര്‍ മുഖേനയും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയയ്ക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. 

Beware of the human trafficking team who advertise fake job opportunities with big promises

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാജ തൊഴിലവസരങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്. ഇതിനെതിരെ നോര്‍ക്ക ജാഗ്രതാ നിർദ്ദേശം നൽകി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലന്‍ഡ്, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

തട്ടിപ്പ് എങ്ങനെ 

കോള്‍ സെന്റര്‍, ക്രിപ്റ്റോ കറന്‍സി, ബാങ്കിംഗ്, ഷെയര്‍മാര്‍ക്കറ്റ്, ഹണിട്രാപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍ അല്ലെങ്കില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് പോലുള്ള തസ്തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും ഏജന്റുമാര്‍ മുഖേനയുമാണ് തൊഴില്‍ അന്വേഷകരെ കെണിയില്‍ വീഴ്ത്തുന്നത്. ടെലികോളര്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ക്കായി വലിയ ശമ്പളവും ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്.  വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട  ഏജന്റുമാര്‍ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയാണ് റിക്രൂട്ട് ചെയ്യുന്നത്. 


ഇരകളെ നിയമവിരുദ്ധമായി തായ്ലന്‍ഡില്‍ നിന്ന് അതിര്‍ത്തി കടത്തി ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ അയല്‍രാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓണ്‍ലൈനായും ഫോണ്‍ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നത്. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികള്‍ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കാണ് കെണിയില്‍ വീഴുന്നവര്‍ ഇരയാകുന്നത്. ഇത്തരത്തില്‍ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വീസ ഓണ്‍ അറൈവല്‍ തൊഴില്‍ അനുവദിക്കുന്നില്ല. ഇത്തരം വീസകളില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലെ അധികാരികള്‍ വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നില്ല. ടൂറിസ്റ്റ് വീസ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാവു. തൊഴില്‍ ആവശ്യത്തിനായി തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അംഗീകൃത ഏജന്റുമാര്‍ മുഖേന മാത്രം അത് ചെയ്യണം. തൊഴിലുടമയുടെ പശ്ചാത്തലം നന്നായി പരിശോധിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വ്യാജ തൊഴില്‍ ഓഫറുകള്‍ സ്വീകരിക്കരുത്. അതത് വിദേശ രാജ്യത്തെ ഇന്ത്യന്‍ എംബസി വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കണം. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്റിനും കമ്പനിക്കും ലൈസന്‍സ് ഉള്ളതാണോയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ മുഖേന പരിശോധിക്കാം. 

സഹായവുമായി ഇന്ത്യന്‍ എംബസി

സഹായത്തിനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. തായ്‌ലാന്‍ഡ്- എമര്‍ജന്‍സി മൊബൈല്‍ നമ്പര്‍:+66-618819218, ഇ-മെയില്‍: cons.bangkok@mea.gov.in. കമ്പോഡിയ- എമര്‍ജന്‍സി മൊബൈല്‍ നമ്പര്‍: +855 92881676, ഇ-മെയില്‍: cons.phnompenh@mea.gov.in , visa.phnompenh@mea.gov.in, . മ്യാന്‍മര്‍- മൊബൈല്‍ നമ്പര്‍- +9595419602 (WhatsApp/Viber/Signal), ഇ-മെയില്‍: cons.yangon@mea.gov.in. 
ലാവോസ്- എമര്‍ജന്‍സി മൊബൈല്‍ നമ്പര്‍: +856-2055536568, ഇമെയില്‍: cons.vientianne@mea.gov.in. വിയറ്റ്‌നാം- എമര്‍ജന്‍സി മൊബൈല്‍ നമ്പര്‍: +84-913089165 , cons.hanoi@mea.gov.in/pptvisa.hanoi@mea.gov.in.

Latest Videos
Follow Us:
Download App:
  • android
  • ios