ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ; നിറങ്ങളിൽ മുങ്ങി തെരുവുകൾ, രാജ്യമെങ്ങും വിപുലമായ പരിപാടികൾ
വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
മനാമ: ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍. ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനമാണ് ഡിസംബര്‍ 16ന് കൊണ്ടാടുക.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്‍റെ രജതജൂബിലി വേള കൂടിയാണിത്. ദേശീയ ദിനാഘോഷങ്ങള്‍ക്കായി രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങളില്‍ ഹമദ് രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ബഹ്റൈന്‍ ദേശീയ പതാകയുടെയും രജത ജൂബിലി പതാകയുടെയും നിറങ്ങളിലുള്ള ലൈറ്റുകള്‍ നിരത്തുകളിലും കെട്ടിടങ്ങളിലും തെളിയിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികള്‍ പുരോഗമിക്കുകയാണ്. മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് സ്വദേശികളും വിദേശികളും ധാരാളം എത്തുന്നുണ്ട്. ബഹ്റൈനിന്റെ സാംസ്കാരിക തനിമ വെളിവാക്കുന്ന കലാ, സാംസ്കാരിക പരിപാടികളാണ് നടക്കുന്നത്. പ്രധാന സൂഖുകളില്‍ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിൽ പ്രത്യേക സാംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയുള്‍പ്പെടെ രാജ്യമെങ്ങും സംഘടിപ്പിക്കും.
Read Also - ലേല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ; ഫിഫ പ്രഖ്യാപനത്തിന് പിന്നാലെ സൗദിയിലെങ്ങും ആഘോഷത്തിമിർപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം