സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ; അറബ് വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍

എമിറാത്തി പൗരന്മാരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോ പൊതുജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്വദേശികളെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കസ്റ്റഡിയിലെടുക്കാനും വീഡിയോ പരിശോധിക്കാനും അധികൃതര്‍ ഉത്തരവിട്ടത്.

asian expat arrested for filming and sharing video violating media law

ദുബൈ: പൊതുജന താല്‍പ്പര്യത്തിനും രാജ്യത്തെ മാധ്യമ നിലവാരത്തിനും യോജിക്കാത്ത രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്. കിംവദന്തികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ യുഎഇയുടെ ഫെഡറല്‍ പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത, പൊതുജന താല്‍പ്പര്യത്തിനും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ വീഡിയോയാണ് ഇതിലേക്ക് നയിച്ചത്.

രാജ്യത്തെ അനുവദിക്കപ്പെട്ട മാധ്യമ നിലവാരത്തിന് യോജിക്കാത്തതും എമിറാത്തി സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ ഉള്ളടക്കം പബ്ലിഷ് ചെയ്‌തെന്ന കുറ്റമാണ് ഏഷ്യക്കാരനെതിരെ ചുമത്തിയത്. എമിറാത്തികളുടെ പരമ്പരാഗത വേഷം ധരിച്ച ഏഷ്യക്കാരന്‍ മറ്റ് രണ്ടുപേരോടൊപ്പം ആഢംബര കാര്‍ ഷോറൂമിലേക്ക് കയറുന്നതും ഷോറൂം ഉടമയോട് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതും പണത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയില്‍ ഷോറൂം ജീവനക്കാര്‍ക്കെല്ലാം വന്‍തുക നല്‍കുന്നതും ഉള്‍പ്പെടുന്നതാണ് വീഡിയോ.

എമിറാത്തി പൗരന്മാരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോ പൊതുജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്വദേശികളെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കസ്റ്റഡിയിലെടുക്കാനും വീഡിയോ പരിശോധിക്കാനും അധികൃതര്‍ ഉത്തരവിട്ടത്. പബ്ലിഷ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ നിയമ, ധാര്‍മ്മിക വ്യവസ്ഥകളില്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ മൂല്യങ്ങള്‍ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹി മാധ്യമ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 

(പ്രതീകാത്മക ചിത്രം)

Read Also - നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

വിദ്വേഷ പ്രസംഗ വീഡിയോ പങ്കുവെച്ച യുവതിക്ക് അഞ്ചു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും

അബുദാബി : യുഎഇയില്‍ വിദ്വേഷ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെച്ച യുവതിക്ക് അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറ ഇന്ത്യന്‍ രൂപ) പിഴയും വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. സാമൂഹിക മാധ്യമത്തില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പുരുഷന്‍മാരെയും ഗാര്‍ഹിക തൊഴിലാളികളെയും അധിക്ഷേപിക്കുന്ന വാക്യങ്ങള്‍  അടങ്ങിയതാണ് ശിക്ഷയ്ക്ക് കാരണമായത്. ഇത് പൊതുമര്യാദയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. 

പ്രതിയുടെ സാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷം തടവും 500,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ച കോടതി, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തണമെന്നും ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ ഈ വീഡിയോ യുവതിയുടെ അക്കൗണ്ടില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ യുവതിയുടെ അക്കൗണ്ട് പൂര്‍ണമായും റദ്ദാക്കാനും മറ്റേതെങ്കിലും വിവര സാങ്കേതിക മാര്‍ഗം ഉപയോഗിക്കുന്നതില്‍ നിന്നും യുവതിയെ സ്ഥിരമായി വിലക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

Read Also - ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 11 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണം കവര്‍ന്ന പ്രതികളെ 12 മണിക്കൂറില്‍ പിടികൂടി

സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പിനെ കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുകയും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios