39 ലക്ഷം ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം, ഒളിപ്പിച്ചത് കുരുമുളക് ഷിപ്പ്‌മെന്റില്‍; വീഡിയോ
ഒരു വിദേശി, വിസിറ്റ് വിസയിലെത്തിയ രണ്ട് സിറയക്കാര്‍, ഒരു ഈജിപ്ഷ്യന്‍, ഒരു സ്വദേശി എന്നിവരാണ് പിടിയിലായത്.
റിയാദ്: സൗദി അറേബ്യയില്‍ വന്‍ തോതില്‍ ലഹരി ഗുളികകള്‍ പിടികൂടി. 39 ലക്ഷം ലഹരി ഗുളികകളാണ് സൗദിയിലെ ലഹരി വിരുദ്ധ വിഭാഗം പിടിച്ചെടുത്തത്. കുരുമുളക് കൊണ്ടുവന്ന ഷിപ്പെമെന്റിന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകളെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ഏജന്‍സി നടത്തിയ ഓപ്പറേഷനിലാണ് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടിയതെന്ന് സൗദിയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജൈദി പറഞ്ഞു. ഷിപ്പെമെന്റ് സ്വീകരിക്കാനെത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഒരു വിദേശി, വിസിറ്റ് വിസയിലെത്തിയ രണ്ട് സിറയക്കാര്‍, ഒരു ഈജിപ്ഷ്യന്‍, ഒരു സ്വദേശി എന്നിവരാണ് പിടിയിലായത്.
Read More - ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ
ഇവര്‍ക്കെതിരായ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദി അറേബ്യയില്‍ നിരവധി ലഹരിമരുന്ന് കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 2.25 മില്യന്‍ ആംഫെറ്റാമൈന്‍ ഗുളികകളാണ് ജിദ്ദയിലെ റെഡ് സീ പോര്‍ട്ടില്‍ പിടിച്ചെടുത്തത്.
അതേസമയം കഴിഞ്ഞ ദിവസം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. വിമാനത്താവളത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ദുബൈ കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടിച്ചെടുത്തത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
Read More - ലഹരി ഉപയോഗിക്കാന്‍ അനുവദിച്ചു, മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ
സംശയം തോന്നിയ ബാഗ് എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സാധാരണയിലധികം ഭാരം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിന്റെ ഉള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.