സൗദിയിൽ നിന്ന് ആയിരത്തോളം ഇന്ത്യൻ തടവുകാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി
ജിദ്ദ തർഹീലിൽ ബാക്കിയുള്ളവരിൽ നിരവധി മലയാളികളുണ്ട്. അവശേഷിക്കുന്ന മുഴുവനാളുകളെയും ഉടനെ നാട്ടിലെത്തിക്കുന്നതിന് നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നുള്ള അടുത്ത വിമാനം ദക്ഷിണേന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കായിരിക്കും സർവിസ് നടത്തുക.
റിയാദ്: വിവിധ കേസുകളിൽപെട്ട് ജയിലിലായ തടവുകാരിൽ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇതുവരെ ആയിരത്തോളം പേരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മൂന്നാമത് ബാച്ചിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് പറന്നു. ഒരു മലയാളി ഉൾപ്പെടെ 351 പേരാണ് നാട്ടിലേക്ക് മടങ്ങിയത്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം മെയ് മാസം ആദ്യ ബാച്ചായി 500 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചിരുന്നു. ശേഷം റിയാദ് ഇസ്കാനിലെ തർഹീലിൽ കഴിഞ്ഞിരുന്ന 231 പേരെ ഈ മാസം 23ന് റിയാദിൽ നിന്നും ചെന്നൈയിൽ എത്തിച്ചിരുന്നു. ഇവരിൽ 65ഓളം പേർ മലയാളികളായിരുന്നു. ദമ്മാമിൽ നിന്നുള്ളവരടക്കം റിയാദ് എംബസിക്ക് കീഴിൽ 450 ഓളം പേരും ജിദ്ദ കോൺസുലേറ്റിന് കീഴിൽ 150 ഓളം പേരും ഇനിയും നാട്ടിലേക്ക് പോകാനായി രാജ്യത്തെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ടെന്ന് നയതന്ത്ര കാര്യാലയ വൃത്തങ്ങൾ അറിയിച്ചു.
ജിദ്ദ തർഹീലിൽ ബാക്കിയുള്ളവരിൽ നിരവധി മലയാളികളുണ്ട്. അവശേഷിക്കുന്ന മുഴുവനാളുകളെയും ഉടനെ നാട്ടിലെത്തിക്കുന്നതിന് നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നുള്ള അടുത്ത വിമാനം ദക്ഷിണേന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കായിരിക്കും സർവിസ് നടത്തുക എന്ന് കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യ വകുപ്പുമായും സൗദി അധികൃതരുമായും ബന്ധപ്പെട്ടാണ് ജയിൽ മോചിതരാകുന്നവരെ കയറ്റി അയക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നത്. സൗദി സർക്കാരാണ് ഇവരുടെ വിമാനയാത്രാചെലവ് വഹിക്കുന്നത്. കോവിഡ് സംബന്ധിച്ച മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. നാട്ടിലെത്തിയാൽ ക്വാറന്റീൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവർക്ക് സ്വന്തം നാടുകളിലേക്ക് തിരിക്കാനാവും.