ഇത് വളരെ മോശം, നിരാശ തോന്നുന്നു; വീഡിയോ വൈറലായതോടെ പണി പാളി, യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ

മുമ്പ് അത്ര നല്ല കാര്യങ്ങളല്ല കേട്ടിട്ടുള്ളതെങ്കിലും അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ മൂലം നല്ല യാത്രാനുഭവം പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറയുന്നു. 

air india refunds ticket price to passengers who posted viral video of worst first class cabin experience

ഫസ്റ്റ് ക്ലാസ് ക്യാബിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിയ വീഡിയോ പങ്കുവെച്ച യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നല്‍കി എയര്‍ ഇന്ത്യ. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തുകയായ 6,300 ഡോളര്‍ (5 ലക്ഷം ഇന്ത്യന്‍ രൂപ) എയര്‍ ഇന്ത്യ തിരികെ നല്‍കിയത്.

ചിക്കാഗോ ആസ്ഥാനമാക്കിയുള്ള സ്ഥാപനമായ കാ പട്ടേലിന്‍റെ സ്ഥാപകനായ അനിപ് പട്ടേലിനാണ് ടിക്കറ്റ് തുക റീഫണ്ട് ലഭിച്ചത്. ഇദ്ദേഹം പങ്കുവെച്ച വീഡിയോ വൈറലായതിനെ തുടര്‍ന്നാണിത്. 2024 സെപ്തംബറില്‍ ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന അദ്ദേഹം, എയര്‍ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ യാത്ര ചെയ്തത് വളരെ മോശം അനുഭവമായാണ് പറയുന്നത്. 

എയര്‍ ഇന്ത്യയെ കുറിച്ച് മുമ്പ് പല മോശം കാര്യങ്ങളും കേട്ടിട്ടുണ്ടെങ്കിലും പുതിയ മാനേജ്മെന്‍റിന് കീഴില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ യാത്രാനുഭവം മെച്ചപ്പെടുത്തിയെന്ന് കരുതിയാണ് യാത്രയ്ക്കായി എയര്‍ ഇന്ത്യ തെരഞ്ഞെടുത്തതെന്നും എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അനിപ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഒരു ഭാഗത്തേക്ക് 6,300 ഡോളറായിരുന്നു ടിക്കറ്റ് തുക.

15 മണിക്കൂര്‍ നീണ്ട യാത്രയില്‍ വിമാനത്തിലെ വിനോദ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. എല്ലാം പ്രവര്‍ത്തന രഹിതമായിരുന്നു. വിമാനത്തില്‍ വൈ ഫൈയും ഇല്ലായിരുന്നു. ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിലെ സാഹചര്യവും വളരെ പരിതാപകരമായിരുന്നു. പരിസരമൊന്നും വൃത്തിയാക്കാത്ത നിലയില്‍, ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിലത്ത് വീണ് കിടക്കുന്നുണ്ടായിരുന്നു. സീറ്റുകള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. എല്ലാ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. വളരെ നല്ല ഭക്ഷണ മെനു കൊണ്ടുവന്നെങ്കിലും അതിലെ 30 ശതമാനം ഭക്ഷണവും ലഭ്യമല്ലായിരുന്നു. എല്ലാ തരം ഭക്ഷണസാധനങ്ങളില്‍ നിന്നും ഒരെണ്ണം മാത്രമേ ലഭ്യമായിരുന്നുള്ളൂ. തങ്ങള്‍ നാല് പേരാണ് ക്യാബിനിലുണ്ടായിരുന്നത് അത് ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നിലയിലാണെന്നും അദ്ദേഹം പറയുന്നു. പൊളിഞ്ഞ് വീഴാതിരിക്കാന്‍ ഭിത്തിയില്‍ ടേപ്പ് ഒട്ടിച്ചതും അദ്ദേഹം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വളരെ നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു ആ യാത്രയെന്ന് അദ്ദേഹം കുറിച്ചു. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ക്യാബിനുള്ളില്‍ നിന്നുള്ള വീഡിയോയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. വീഡിയോ വൈറലായതോടെയാണ് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരികെ നല്‍കിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios