എം.എ യൂസഫലിക്കൊപ്പം റോള്‍സ്റോയ്‍സ്‍ കാറിലെത്തി മമ്മൂട്ടിയും മോഹന്‍ലാലും; യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചു

അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്.

actors mammootty and mohanlal received UAE golden visa in Abu Dhabi

അബുദാബി: മമ്മൂട്ടിയും മോഹന്‍ലാലും യുഎഇയുടെ പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പമാണ് റോള്‍സ്റോയ്‍സ് കാറില്‍ ഇരുവരും ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയത്.

അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്. മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. സിനിമാ നിര്‍മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി,  മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‍നിച്ച എം.എ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബൈയിൽ എത്തിയത്. എം.എ.യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്‍റഫലിയുടെ മകന്റെ വിവാഹ ചടങ്ങിലും ഇരുവരും പങ്കെടുത്തു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios